ഇമ്പം എന്ന പേര് അന്വർത്ഥമാക്കുന്ന ഒരു ഫീലാണ് തീയേറ്റർ വിട്ടിറങ്ങുമ്പോൾ ലഭിക്കുന്നത്. യാതൊരു മുൻപരിചയവുമില്ലാത്ത ആളുകൾ ഒരു പ്രസ്ഥാനത്തിന്റെ കീഴിൽ അവിചാരിതമായി ഒന്നിക്കുകയും അവർ തമ്മിലുണ്ടായിപ്പോകുന്ന വൈകാരിക അടുപ്പങ്ങളുമെല്ലാമാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. അവയിലൂടെ തെളിയുന്ന പുതിയ വഴികൾ, പുതു പ്രതീക്ഷകൾ… പേരു പോലെ തന്നെ ഏറെ ഇമ്പമാർന്നൊരു കഥയും കഥാപാത്രങ്ങളുമായി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയിരിക്കുകയാണ് ഇമ്പം.
പ്രണയവും സൗഹൃദവും കുടുംബ ബന്ധങ്ങളും കലാലയ ജീവിതവും രാഷ്ട്രീയവും മാധ്യമ ലോകവുമെല്ലാം വിഷയമായെത്തുന്നുണ്ട് ‘ഇമ്പ’ത്തിൽ. ‘ശബ്‍ദം’ എന്നു പേരുള്ള ഒരു പബ്ലിഷിംഗ് ഹൗസിൻറെ നടത്തിപ്പുകാരനാണ് കരുണാകരൻ എന്നയാൾ. മാറ്റങ്ങളുടെ പുതിയ കാലത്ത് ഏറെ പണിപ്പെട്ടാണ് അയാൾ ‘ശബ്‍ദം’ പുറത്തിറക്കാനൊക്കെയുള്ള പണം കണ്ടെത്തുന്നത്. അവിടെ അവിചാരിതമായി എത്തിച്ചേരുന്ന നിഥിൻ എന്ന ചെറുപ്പക്കാരൻ ക്രമേണ അവിടുത്തെ കാർട്ടൂണിസ്റ്റായി മാറുന്നു.
ഇതിനിടെ എഴുത്തുകാരിയായ കാദംബരിയും നിഥിനും തമ്മിൽ പ്രണയത്തിലാകുന്നു. അതേസമയം ഒരു രാഷ്ട്രീയ പാർട്ടി നേതാവിൻറെ അപ്രീതിക്ക് പാത്രമായ കരുണാകരൻ വലിയൊരു പ്രശ്നത്തിലകപ്പെടുന്നു. അതിൽ നിന്നും കരുണാകരനെ രക്ഷിക്കാൻ കാർട്ടൂണിസ്റ്റും എഴുത്തുകാരിയും ചേർന്ന് നടത്തുന്ന രസകരവും ഉദ്വേഗ ജനകവുമായ സന്ദർഭങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
കരുണാകരനായി ലാലു അലക്സ് എത്തുമ്പോൾ ദീപക് പറമ്പോൽ കാർട്ടൂണിസ്റ്റിൻറെ റോളിലും ദർശന സുദർശൻ എഴുത്തുകാരിയായ കാദംബരിയുമായെത്തുന്നു. കരുണാകരൻറെ സഹപാഠിയായ മൈഥിലി സ്വാമിനാഥൻ എന്ന ഏറെ പ്രാധാന്യമുള്ളൊരു വേഷത്തിൽ സിനിമാ – സീരിയൽ രംഗത്തെ ശ്രദ്ധേയ താരമായ മീര വാസുദേവും ചിത്രത്തിലുണ്ട്. പ്രേമരാജൻ എന്ന രാഷ്ട്രീയക്കാരൻറെ വേഷത്തിൽ നടൻ ഇർഷാദാണ് എത്തിയിരിക്കുന്നത്.
സിനിമാലോകത്ത് വില്ലനായി തുടങ്ങി ക്യാരക്ടർ റോളുകളിലും ഹാസ്യ വേഷങ്ങളിലുമൊക്കെ ഇതിനകം തൻറേതായ വ്യക്തിമുദ്ര പതിപ്പിച്ച ലാലു അലക്സ് ഏറെ വേറിട്ടൊരു കഥാപാത്രമായാണ് ചിത്രത്തിൽ എത്തിയിരിക്കുന്നത്. കരുണാകരൻ എന്ന കഥാപാത്രം അദ്ദേഹത്തിൻറെ കൈയ്യിൽ ഭദ്രമായിരുന്നു. ഇതിനകം ഒട്ടേറെ നല്ല ചിത്രങ്ങളുടെ ഭാഗമായി കഴിഞ്ഞ ദീപക് പറമ്പോൽ യുവത്വത്തിൻറെ ചോരത്തിളപ്പുള്ള നിഥിൻ എന്ന കഥാപാത്രമായി വിസ്മയിപ്പിച്ചിട്ടുണ്ട്. ‘സോളമൻറെ തേനീച്ചകളി’ലൂടെ നായിക നിരയിലേക്ക് എത്തിയ ദർശന സുദർശൻറേയും ഇരുത്തം വന്ന പ്രകടനമാണ് സിനിമയിലുള്ളത്. കലേഷ് രാമാനന്ദ് , ദിവ്യ എം നായർ, ശിവജി ഗുരുവായൂർ, നവാസ് വള്ളിക്കുന്ന്, വിജയൻ കാരന്തൂർ, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാൽ ജോസ്, ബോബൻ സാമുവൽ തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളായുണ്ട്.
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മാമ്പ്ര സിനിമാസിൻറെ ബാനറിൽ ഡോ.മാത്യു മാമ്പ്ര നിർമ്മിച്ചിരിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ശ്രീജിത്ത് ചന്ദ്രനാണ്. ഒരു മുഴുനീള ഫാമിലി എൻറർടെയ്നറായാണ് ശ്രീജിത്ത് ‘ഇമ്പം’ ഒരുക്കിയിരിക്കുന്നത്. ശ്രദ്ധേയ സംഗീത സംവിധായകൻ പി.എസ് ജയഹരി ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങളും ശ്രുതി മധുരമാണ്. പശ്ചാത്തല സംഗീതവും സിനിമയിലെ രംഗങ്ങളോട് ഏറെ ചേർന്നുപോകുന്നതാണ്. നിജയ് ജയൻ ഒരുക്കിയിരിക്കുന്ന മനോഹരമായ ദൃശ്യങ്ങളും കുര്യാക്കോസ് ഫ്രാൻസിസിൻറെ എഡിറ്റിംഗും മികച്ചുനിൽക്കുന്നതാണ്.