പുത്തൻ റിലീസുകൾക്കിടയിലും അടി പതറാതെ ടിനു പാപ്പച്ചൻ ചിത്രം ചാവേർ മൂന്നാം വാരത്തിലേക്ക്. കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി ജോയ് മാത്യുവിന്റെ തിരക്കഥയിൽ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ ഒക്ടോബർ അഞ്ചിന് ആണ് തീയേറ്ററിൽ പ്രദർശനത്തിന് എത്തിയത്. കാവ്യ ഫിലിം കമ്പനിയുടെയും അരുൺ നാരയണൻ പ്രോഡക്ഷൻസിന്റെയും ബാനറിൽ അരുൺ നാരയണൻ, വേണു കുന്നപ്പള്ളി എന്നിവർ ചേർന്നാണ് ചാവേർ നിർമ്മിച്ചിരിക്കുന്നത്. ആദ്യ പ്രദർശനം കഴിഞ്ഞപ്പോൾ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങൾ ആയിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. എന്നാൽ പിന്നീട് പതിയെ അത് പോസിറ്റീവിലേക്ക് മാറുകയായിരുന്നു.
പുലർച്ചെ തെരുവിൽ നടക്കുന്ന കൊലപാതകത്തിൽ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. പാർട്ടിയിലെ ഒരു ഉയർന്ന നേതാവിന്റെ നിർദേശ പ്രകാരം അശോകനും കൂട്ടരും ആണ് കൊലപാതകം നടത്തുന്നത്. അതിനിടയിൽ അശോകന്റെ കാലിന് പരിക്ക് ഏൽക്കുന്നതും, പോലീസിൽ നിന്ന് രക്ഷപെടാൻ ഉള്ള അശോകന്റെയും കൂട്ടരുടെയും ശ്രെമങ്ങളും പിന്നീട് ഉണ്ടാകുന്ന സംഭവങ്ങളും ആണ് ചാവേർ പറയുന്നത്. പാർട്ടിക്ക് വേണ്ടി മരിക്കാൻ വരെ തയാറായി നിൽക്കുന്ന അശോകൻ എന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ചിട്ടുണ്ട്.
ചിത്രത്തിലെ അഭിനേതാക്കൾ എല്ലാവരും അവരുടെ ഭാഗം വളരെ ഭംഗിയായി സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. നിഷാദ് യൂസഫിന്റെ എഡിറ്റിംഗ്, ജസ്റ്റിൻ വർഗീസിന്റെ സംഗീതം എന്നിവ ചിത്രത്തെ മറ്റൊരു തലത്തിലേക് ഉയർത്തുന്നുണ്ട്. വിജയ് ചിത്രം ലീയോ ഇന്നലെ കേരളത്തിലെ ഭൂരിഭാഗം തീയേറ്ററുകളിൽ എത്തിയെങ്കിലും അതിലൊന്നും പതറാതെ ചാവേർ തീയേറ്ററിൽ ഇപ്പോഴും പ്രദർശനം തുടരുകയാണ്. നല്ല സിനിമകളെ പ്രേക്ഷകർ കൈ വിടില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ചാവേർ.