ജോജു ജോർജിനെ നായകൻ ആക്കി നവാഗതനായ രോഹിത് എംജി കൃഷ്ണൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ആണ് ഇരട്ട. ജോജു ജോർജ് ഇരട്ട വേഷത്തിൽ എത്തിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസിന്റെയും മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെയും ബാനറിൽ ജോജു ജോർജ്, സിജോ വടക്കൻ, മാർട്ടിന് പ്രക്കാട്ട് എന്നിവർ ചേർന്നാണ്. ജേക്സ് ബിജോയ് സംഗീതം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം വിജയ്, എഡിറ്റിംഗ് മനു ആന്റണി, ആർട്ട് ദിലീപ് നാഥ് എന്നിവരാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
ജോജു ജോർജിന്റെ കിടിലൻ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. വളരെ വ്യത്യസ്ത സ്വഭാവ തലങ്ങൾ ഉള്ള എഎസ്ഐ വിനോദിനെയും ഡിവൈഎസ്പി പ്രമോദിനെയും വളരെ മികച്ച രീതിയിൽ സ്‌ക്രീനിൽ എത്തിക്കാൻ ജോജുവിന് കഴിഞ്ഞിട്ടുണ്ട്. ഒരു പോലീസ് സ്റ്റേഷനിൽ വെച്ച് ഒരാൾ വെടിയേറ്റ് മരിക്കുന്നു. ആരാണ് അയാളെ കൊന്നത്? എന്തിനാണ് കൊന്നത്? എന്നിങ്ങനെ ഉള്ള ചോദ്യങ്ങളിൽ കൂടിയാണ് ചിത്രം പിന്നീട് സഞ്ചരിക്കുന്നത്. അവസാനം ക്ലൈമാക്സിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുമ്പോൾ പ്രേക്ഷകർ ഞെട്ടിത്തരിച്ചിരുന്ന് പോകും.
ആദ്യാവസാനം പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ സിനിമക്ക് സാധിക്കുന്നുണ്ട്. അതിഗംഭീരമായി എഴുതിയ തിരക്കഥ അതിലും മനോഹരമായി സ്‌ക്രീനിൽ എത്തിക്കാൻ രോഹിത് കൃഷ്ണന് സാധിച്ചിട്ടുണ്ട്. ജെക്‌സ് ബിജോയിടെ സംഗീതവും മനു ആന്റണിയുടെ എഡിറ്റിംഗും എന്നിങ്ങനെ ടെക്നിക്കൽ സൈഡ് എല്ലാം തന്നെ മികവ് പുലർത്തിയിട്ടുണ്ട്. ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അഞ്ജലി, ശ്രീകാന്ത് മുരളി, അഭിരാം, സാബുമോൻ, ആര്യ സലിം, ശ്രീന്ദ, ജിത്തു അഷ്‌റഫ്, മീനാക്ഷി ദിനേശ്, കിച്ചു ടെല്ലസ്, ശ്രുതി സത്യൻ എന്നിങ്ങനെ സ്‌ക്രീനിൽ വന്ന് പോയവർ എല്ലാം ഗംഭീര പ്രകടനം ആണ് കാഴ്ചവെച്ചിട്ടുള്ളത്. തിയേറ്ററുകളിൽ നിന്ന് തന്നെ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ഗംഭീര ചിത്രം ആണ് ഇരട്ട.