മലയാളത്തിന്റെ സ്വന്തം കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകൻ ആക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രം ആണ് മലൈക്കോട്ടൈ വാലിബൻ. പ്രേക്ഷക ലക്ഷങ്ങൾ ഒന്നടങ്കം ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ആണ് ഇത്. നൂറ് കോടി ബഡ്ജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് വിവരം. ഈ മാസം പതിനെട്ടിന് സിനിമയുടെ ചിത്രീകരണം രാജസ്ഥാനിൽ ആരംഭിച്ചിരുന്നു. നൂറ് ദിവസത്തെ ഷെഡ്യൂൾ ആണ് ചിത്രത്തിന് ഉണ്ടായിരിക്കുക. അതിൽ എൺപതോളം ദിവസങ്ങളിൽ മോഹൻലാലിന് ഷൂട്ട് ഉണ്ടാകും എന്നാണ് വിവരം.
ഒരുപാട് ഉത്തരേന്ത്യൻ താരങ്ങൾ ചിത്രത്തിന്റെ ഭാഗം ആകും എന്നാണ് റിപ്പോർട്ടുകൾ. അവർക്കൊപ്പം മലയാളത്തിൽ നിന്ന് ഹരീഷ് പേരടിയും, മണികണ്ഠൻ ആചാരിയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പി എസ് റഫീഖ് ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മധു നീലകണ്ഠൻ ആണ് ഛായഗ്രഹണം. ചുരുളിക്ക് ശേഷം മധുവും ലിജോയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. പ്രശാന്ത് പിള്ള സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ദീപു പ്രദീപ് ആണ്.
ജോൺ മേരി ക്രീയേറ്റീവ്, മാക്സ് ലാബ്, സെഞ്ചുറി ഫിലിംസ് എന്നീ ബാനറുകളുടെ കീഴിൽ ഷിബു ബേബി ജോൺ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്ക് എല്ലാം യുകെയിൽ വെച്ച് ആയിരിക്കും ചെയ്യുക എന്നാണ് റിപ്പോർട്ട്. മലയാള സിനിമ പ്രേമികളും മോഹൻലാൽ ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ഒരു ചിത്രം ആണ് ഇത്. മോഹൻലാലിനൊപ്പം ലിജോ ജോസ് പെല്ലിശേരി സിനിമ ചെയ്യുമ്പോൾ ഒരു മികച്ച ചിത്രം തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.