യുവതാരം ഉണ്ണി മുകുന്ദനെ നായകൻ ആക്കി അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത് ഇന്നലെ തിയേറ്ററുകളിൽ എത്തിയ ചിത്രം ആണ് മാളികപ്പുറം. കാവ്യ ഫിലിം കമ്പനിയുടെയും ആൻ മെഗാ മീഡിയയുടെയും ബാനറിൽ പ്രിയ വേണു, നീത പിന്റോ എന്നിവർ ചേർന്നാണ് മാളികപ്പുറം നിർമിച്ചിരിക്കുന്നത്. വിഷ്ണു നാരായണൻ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഷമീർ മുഹമ്മദും സംഗീതം രഞ്ജിൻ രാജുമാണ് നിർവഹിച്ചിരിക്കുന്നത്.
ശബരിമല സന്ദർശിക്കണമെന്ന അതിയായ ആഗ്രഹവുമായി ജീവിക്കുന്ന കല്ലു എന്ന എട്ട് വയസ്സുള്ള കുട്ടിയുടെ കഥ ആണ് മാളികപ്പുറം എന്ന സിനിമ പറയുന്നത്. ചെറുപ്പം മുതൽ വലിയ അയ്യപ്പ ഭക്തയായിരുന്നിട്ടും ഇതുവരെ മല ചവിട്ടാൻ ഉള്ള ഭാഗ്യം ലഭിക്കാത്ത സങ്കടത്തിൽ ഇരിക്കുന്ന കല്ലു ഒടുവിൽ തന്റെ അച്ഛനൊപ്പം മല കയറാൻ തീരുമാനിക്കുന്നു. അതിന് ശേഷം കല്ലുവിന്റെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത കാര്യങ്ങളും അവളുടെ ശബരിമല യാത്രയും ആ യാത്ര പൂർത്തിയാക്കാൻ കല്ലുവിനെ സഹായിക്കാൻ എത്തുന്ന ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തിലൂടെ ആണ് കഥ മുന്നോട്ട് പോകുന്നത്.
നല്ല തമാശകളും ഒട്ടേറെ ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും ഉള്ള ഒരു മികച്ച ചിത്രം ആണ് മാളികപ്പുറം. കല്യാണിയുടെയും അവളുടെ സൂപ്പർഹീറോ ആയ അയ്യപ്പനും ആയിട്ടുള്ള ബന്ധവും ഒക്കെ വളരെ നല്ല രീതിയിൽ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. പ്രകടനത്തിലോട്ട് വന്നാൽ കല്ലു എന്ന കഥാപാത്രം ആയെത്തിയ ദേവനന്ദ ഗംഭീര പ്രകടനം ആണ് ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത്. കല്ലു എന്ന കഥാപാത്രത്തിന്റെ നിഷ്കളങ്കതയും അയ്യപ്പനോടുള്ള ഭക്തിയും ആ കഥാപാത്രത്തിന്റെ വിവിധ തലങ്ങളും മികച്ച രീതിയിൽ അഭിനയിച്ച് ഭലിപ്പിക്കാൻ ദേവനന്ദക്ക് സാധിച്ചിട്ടുണ്ട്. ശബരിമലയിലേക്ക് ഉള്ള യാത്രയിൽ കല്ലുവിനെ സഹായിക്കാൻ എത്തുന്ന സ്വാമിയായി ഉണ്ണി മുകുന്ദനും ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത്.
ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് മാളികപ്പുറത്തിലേത്. മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീപദ്, സൈജു കുറുപ്, രമേശ് പിഷാരടി, ടി ജി രവി, ശ്രീജിത്ത് രവി, അഭിലാഷ് പിള്ള, ആൽഫി പഞ്ഞിക്കാരൻ, അശ്വതി അഭിലാഷ്, രഞ്ജി പണിക്കർ തുടങ്ങി ചിത്രത്തിലെ അഭിനേതാക്കൾ എല്ലാം മികച്ച രീതിയിൽ തന്നെ തങ്ങൾക്ക് കിട്ടിയ കഥാപാത്രത്തെ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. തന്റെ ആദ്യ ചിത്രം മികച്ച രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചതിൽ വിഷ്ണു ശശി ശങ്കറിന് അഭിമാനിക്കാം. അഭിലാഷ് പിള്ളയുടെ മികച്ച തിരക്കഥയും വിഷ്ണു നാരായണന്റെ ക്യാമറയും രഞ്ജിൻ രാജിന്റെ സംഗീതവും ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗും ചിത്രത്തെ ഒരു മികച്ച കാഴ്ചനുഭവമാക്കി മാറ്റിയിട്ടുണ്ട്. ഏത് പ്രായത്തിൽ ഉള്ളവർക്കും കുടുംബ സമേതം പോയി കണ്ട് മനസ്സ് നിറച്ച് ഇറങ്ങി വരാൻ കഴിയുന്ന ഒരു മികച്ച ചിത്രം തന്നെ ആണ് മാളികപ്പുറം.