2012 ൽ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരം ആണ് മലയാളികൾ സ്നേഹത്തോടെ കുഞ്ഞിക്ക എന്ന് വിളിക്കുന്ന ദുൽഖർ സൽമാൻ. 2012 ൽ സെക്കന്റ് ഷോയിൽ തുടങ്ങിയ അഭിനയ യാത്ര ഇന്ന് ഹിന്ദി ചിത്രം ആയ ചുപ്പിൽ എത്തി നിൽക്കുമ്പോൾ ഇന്ത്യ ഒട്ടാകെ ഒരു വലിയ ആരാധക വൃന്ദത്തെ ഉണ്ടാക്കി എടുക്കാൻ ദുൽഖർ സൽമാന് സാധിച്ചു. പത്ത് വർഷം കൊണ്ട് ദുൽഖർ സൽമാൻ എന്ന നടന് ഉണ്ടായ വളർച്ച വളരെ വലുതാണ്.
മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ മികച്ച ചിത്രങ്ങളിലൂടെ തന്റെ ശക്തമായ സാന്നിധ്യം അറിയിക്കാൻ ദുൽഖർ സൽമാന് കഴിഞ്ഞു. ഓരോ താരങ്ങൾ സ്വന്തം ഇൻഡസ്ട്രിയിൽ പോലും ഹിറ്റ് അടിക്കാൻ കഷ്ടപ്പെടുമ്പോൾ ദുൽഖർ നാല് ഇൻഡസ്ട്രികളിൽ ഓടി നടന്ന് ഹിറ്റ് അടിച്ചു. മലയാളത്തിൽ കുറുപ്പ്, തമിഴിൽ കണ്ണും കണ്ണും കൊള്ളയടിത്താൽ, തെലുങ്കിൽ സീതാരാമം, ഹിന്ദിയിൽ ചുപ്പ് എന്നീ ചിത്രങ്ങൾ ആണ് ദുൽഖറിന്റെ ലേറ്റസ്റ്റ് സൂപ്പർഹിറ്റ്സ്.
ഇപ്പോൾ ദുൽഖറിനെ പറ്റി ചുപ്പ് എന്ന ചിത്രത്തിന്റെ സംവിധായകൻ ആർ ബാൽകി പറഞ്ഞ കാര്യം ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ സൂക്ഷ്മാഭിനയം കാഴ്ച വെക്കുന്ന മികച്ച നടന്മാരിൽ ഒരാൾ ആണ് ദുൽഖർ സൽമാൻ എന്നും അദ്ദേഹത്തെ വെച്ച് ഒരു സിനിമ ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്നും ആർ ബാൽകി പറഞ്ഞു. ഇപ്പോൾ സൂപ്പർഹിറ്റ് സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യം ആയി സംവിധാനം ചെയ്യുന്ന കിങ് ഓഫ് കൊത്ത എന്ന ചിത്രത്തിൽ ആണ് ദുൽഖർ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.