മലയാള സിനിമയിലെ യുവ നടൻമാരിൽ ഏറെ ശ്രെദ്ദേയനായ ഒരാളാണ് മലയാളികൾ സ്നേഹത്തോടെ കുഞ്ഞിക്ക എന്ന് വിളിക്കുന്ന ദുൽഖർ സൽമാൻ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ ഇതിനോടകം തന്റെ സാന്നിധ്യം അറിയിച്ച ദുൽഖർ സൽമാന് അവിടെയെല്ലാം വളരെ വലിയ ഒരു ഫാൻബേസ് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. വളരെ ശ്രെദ്ധയോടെ എല്ലാ ഭാഷകളിലും മികച്ച ചിത്രങ്ങൾ ചെയ്ത് പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ പട്ടത്തിലേക്ക് നടന്നടുക്കുകയാണ് ദുൽഖർ ഇപ്പോൾ. ദുൽഖർ സൽമാൻ ഒരു പാൻ ഇന്ത്യൻ സ്റ്റാറോ? എന്ന് ഒരു ആരാധകൻ ഒരു സിനിമ ചർച്ച ഗ്രൂപ്പിൽ ഇട്ട പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടിയിരിക്കുന്നത്. അരുൺ പോൾ എന്ന ആളാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ കൊടുക്കുന്നു.
“പാൻ ഇന്ത്യൻ സിനിമയും പാൻ ഇന്ത്യൻ താരങ്ങളും”
ഈയിടെ അധികമായി കേൾക്കുന്ന ഒരു പ്രയോഗമാണ് പാൻ ഇന്ത്യൻ സിനിമ എന്നത്. പല ഭാഷകൾ കൊണ്ടും പല സിനിമാസംസ്കാരങ്ങൾ കൊണ്ടും സമ്പന്നമായ ഇന്ത്യൻ ചലച്ചിത്രവ്യവസായം പ്രാദേശികതയുടെ വേലികൾ പൊട്ടിച്ച് നാനാദിക്കിലുമുള്ള പ്രേക്ഷകരെ ചേർത്തു നിർത്തുന്ന തരം സിനിമകളെ സൃഷ്ടിക്കുമ്പോഴാണ് പാൻ ഇന്ത്യൻ എന്ന ആ ലേബൽ അവയ്ക്ക് ലഭിക്കുന്നത്. വാണിജ്യപരമായും കഥാപാത്രങ്ങളും കഥാപരിസരങ്ങളും പ്രേക്ഷകരോട് സംവദിക്കുന്ന രീതിയിലും ഇന്ത്യയുടെ ഏത് ഭാഗത്തും ചലനങ്ങളുണ്ടാക്കുന്ന, എന്നാൽ അടിസ്ഥാനപരമായി ഏതെങ്കിലും ഒരു പ്രാദേശിക ഭാഷയിൽ സൃഷ്ടിക്കപ്പെടുന്ന സിനിമകൾക്കാണ് ഈയൊരു വിശേഷണം ചാർത്തിക്കിട്ടുന്നത്.
ഇത്തരത്തിൽ പാൻ ഇന്ത്യൻ സിനിമകൾ സംഭവിക്കുമ്പോൾ പാൻ ഇന്ത്യൻ താരങ്ങളും ജനിക്കുന്നു. ബോളിവുഡ് താരങ്ങളായിട്ടും, മറ്റു ഭാഷകളിൽ അഭിനയിക്കുന്നില്ലെങ്കിലും ഷാരൂഖ്-സൽമാൻ-ആമിർ ഖാന്മാരെ പോലെയുള്ള ഹിന്ദി നടന്മാരെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്നത് പോലെ ഒരൊറ്റ ബാഹുബലി കൊണ്ട് തെലുങ്ക് നടനായ പ്രഭാസും KGF കൊണ്ട് കന്നഡ നടനായ യാഷും ഇപ്പോൾ പാൻ ഇന്ത്യൻ താരങ്ങളാണ്. പക്ഷെ ഇപ്രകാരം ഒരു ഭാഷയിലെ സിനിമയിൽ അഭിനയിച്ച് അതിന്റെയോ അതിന്റെ മൊഴിമാറ്റ രൂപങ്ങളിലെ പ്രസിദ്ധി കൊണ്ട് പലഭാഷാ പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നതാണോ അതോ അത്യാവശ്യം അറിയപ്പെടുന്ന രീതിയിൽ പല ഭാഷകളിൽ തന്നെ അഭിനയിച്ചു സിനിമകളുണ്ടാക്കുന്ന, ആ ഭാഷകളെല്ലാം പ്രാവീണ്യത്തോടെ കൈകാര്യം ചെയ്യുന്ന നടൻ/നടിമാരാണോ യഥാർഥ പാൻ ഇന്ത്യൻ താരങ്ങൾ..? നമ്മുക്ക് നോക്കാം.
ഷാരൂഖ് ഖാനെ നമ്മളെല്ലാം അറിയും. അദ്ദേഹം ആകെ ഹിന്ദിയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഇന്ത്യയൊട്ടാകെ അദ്ദേഹം പ്രസിദ്ധനാണ്. (ഹേ റാം എന്ന തമിഴ്-ഹിന്ദി ദ്വിഭാഷാചിത്രത്തിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട് എന്നത് മറക്കുന്നില്ല) ഹിന്ദി, ഉത്തരേന്ത്യക്കാർ മാത്രമല്ല അത്യാവശ്യം സിനിമകളിഷ്ടപ്പെടുന്ന ദക്ഷിണേന്ത്യക്കാർ കൂടി കാണുന്ന ഭാഷയായത് കൊണ്ടും അദ്ദേഹം ആ ഹിന്ദിയിലെ ഏറ്റവും അറിയപ്പെടുന്ന നടന്മാരിൽ ഒരാൾ ആയതു കൊണ്ടും കൂടിയാണത്. അതുപോലെതന്നെ യഥാക്രമം തെലുങ്ക്, കന്നഡ നടന്മാർ മാത്രമായിരുന്ന പ്രഭാസിനെയും യാഷിനെയും പോലുള്ളവർ, മറ്റുള്ള ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്ത് പ്രസിദ്ധമായ അവരുടെ സിനിമകൾ മൂലം എല്ലായിടവും അറിയപ്പെടുന്നവരാണ്. ആകയാൽ ഇവരെയൊക്കെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ‘പ്രാദേശിക ഭാഷാ നടന്മാർ’ എന്നെ പറയാൻ കഴിയൂ. പാൻ ഇന്ത്യൻ നടൻ അല്ലെങ്കിൽ നടി എന്നു പറയുമ്പോൾ ഇങ്ങനെ ഒറ്റ ഭാഷയിൽ മാത്രം അഭിനയിക്കുന്നതല്ലാത്ത, ഇന്ത്യയിൽ അത്യാവശ്യം അറിയപ്പെടുന്ന സിനിമകളിറക്കുന്ന ഭാഷകളിലെല്ലാം അഭിനയിക്കുന്ന, അവയിലൊക്കെ സ്വന്തം ശബ്ദത്തിൽ സംസാരിക്കുന്ന താരങ്ങളാവണം. ശരിയല്ലേ…?
ഇപ്പോഴുള്ള അഭിനേതാക്കളിലേക്ക് വന്നാൽ കമൽ ഹാസനെയും പ്രകാശ് രാജിനെയും പാൻ ഇന്ത്യൻ താരങ്ങൾ എന്ന് അർത്ഥശങ്കയില്ലാതെ വിളിക്കാവുന്ന ഉദാഹരണങ്ങളാണ്. പ്രധാനമായി അഭിനയിക്കുന്ന തമിഴിന് പുറമെ ഹിന്ദിയും തെലുങ്കും മലയാളവും വഴങ്ങുന്ന, അവയിലൊക്കെ അതിഥി വേഷങ്ങൾ മാത്രമല്ലാതെ ശ്രദ്ധേയ സിനിമകൾ ചെയ്തിട്ടുള്ള നടന്മാർ. മലയാളത്തിൽ നിന്ന് പാൻ ഇന്ത്യൻ താരങ്ങളുണ്ടോ… അതും ഒന്ന് നോക്കാം.
“ദുൽഖർ സൽമാൻ ഒരു പാൻ ഇന്ത്യൻ താരമോ…?”
ഇപ്പോഴുള്ള യുവതലമുറയിലെ താരങ്ങളിൽ മേൽപറഞ്ഞ പ്രകാരമുള്ള ‘പാൻ ഇന്ത്യൻ’ പട്ടത്തിലേക്കുള്ള യാത്ര കൃത്യമായി നടത്തുന്ന ഒരാൾ ദുൽഖർ സൽമാൻ ആണെന്നാണ് വ്യക്തിപരമായ അഭിപ്രായം. മലയാളി നടൻ ആയിരിക്കെ തമിഴിൽ നായകനായി അഭിനയിക്കുന്നു, തെലുങ്കിൽ അറിയപ്പെടുന്ന രണ്ട് സിനിമകളിൽ നായകനായിരിക്കുന്നു, ഹിന്ദിയിൽ കേന്ദ്രകഥാപാത്രമായി വന്നു, ഇനിയും വരുന്നു, ഇവയിലൊക്കെ സ്വന്തമായി ഡബ്ബ് ചെയ്യുന്നു, ഇറങ്ങുന്ന ഭാഷയ്ക്കും അതിന്റെ മൊഴിമാറ്റങ്ങൾക്കും മികച്ച അഭിപ്രായങ്ങളും പ്രേക്ഷക പ്രീതിയും ലഭിക്കുന്നു….
യഥാർത്ഥത്തിൽ അതല്ലേ (പാൻ ഇന്ത്യൻ) ഹീറോയിസം..?
ഈയിടെ ഇറങ്ങിയ ദുൽഖറിന്റെ ‘സീതാ രാമ’ത്തിൽ ഒറിജിനലായ തെലുങ്കിലും മൊഴിമാറ്റങ്ങളായ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും തന്റെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തിരിക്കുന്നത് സ്വയം തന്നെയാണ് എന്നതാണ് ഭാഷ കൈകാര്യം ചെയ്യുന്നതിലെ അയാളുടെ മിടുക്കിന്റെ തെളിവ്.
പൃഥ്വിരാജ് ഇപ്രകാരം കരിയർ പ്ലാൻ ചെയ്ത മറ്റൊരു നടനാണ്. പക്ഷെ അദ്ദേഹം ഒരു നടൻ എന്നതിൽ ഉപരി ഗായകനും സംവിധാനവും സിനിമയുടെ all in all ഉം ഒക്കെയായി മലയാളത്തിലേക്ക് ചുരുങ്ങുകയാണ്. ജനിതകമായി കിട്ടിയതും ഉരച്ചു മിനുസപ്പെടുത്തിക്കൊണ്ടിരിക്കുന്നതുമായ അഭിനയ സിദ്ധിയ്ക്കും ഭാഷ കൈകാര്യം ചെയ്യുന്നതിലെ കഴിവിനും ഒപ്പം തെക്കും വടക്കും ഒരുപോലെ സുപരിചിതമായി തോന്നിപ്പിക്കുന്ന മുഖവും ആകാരസൗഷ്ഠവവും ദുൽഖറിന്റെ മറ്റു പ്ലസ് പോയിന്റുകളാണ്. സിനിമയിലെ Urban/Village യുവാവ് എന്ന പ്രാദേശിക concept കൾക്ക് അനുസരിച്ച് മീശ-താടി-മുടിയിൽ വരുത്തുന്ന മാറ്റങ്ങളും കൃത്യമായി പരിപാലിക്കുന്ന physique ഉം അയാളെ ഇന്ത്യക്കുള്ളിലെ ഏത് ദേശക്കാർക്കും അപരിചിതനായി തോന്നിപ്പിക്കില്ല.
റോക്കി ഭായിയെ പോലെ, അമരേന്ദ്ര ബാഹുബലിയെ പോലെ, റാമിനെ പോലെ ഭീമിനെ പോലെ, ഒരു പാൻ ഇന്ത്യൻ താരത്തെയും കഥാപാത്രത്തെയും നമ്മൾ എന്നു സമ്മാനിക്കും എന്നു വ്യാകുലപ്പെടുന്ന മലയാളി മറക്കുന്ന ഒരു കാര്യം, മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും ഇംഗ്ലീഷിലും നായകനായി അഭിനയിച്ച മമ്മൂട്ടിയെയും അത്രത്തോളമില്ലെങ്കിലും തന്റെ സാന്നിധ്യം മറ്റുഭാഷകളിൽ അറിയിച്ച മോഹൻലാലിനെയും ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ച മലയാളത്തിൽ നിന്നും അവരെയൊക്കെ പോലെ എല്ലാ ഇൻഡസ്ട്രികളിലും തന്റെ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരൻ നമ്മുക്കും ഉണ്ട് എന്നതാണ്. ഭാഷാ-സംസ്കാര-ദേശ ഭേദമന്യേ ഏവർക്കും ആസ്വദിക്കാൻ പറ്റുന്ന സിനിമകളുണ്ടാവട്ടെ, എല്ലാ ഭാഷയിലും അഭിനയിക്കുന്ന അഭിനേതാക്കളുണ്ടാകട്ടെ, OTT യും മറ്റ് നൂതന സങ്കേതങ്ങളുമൊക്കെയായി സിനിമ ഒരു global village ആയി മാറിക്കൊണ്ടിരിക്കുന്ന ഇന്നുകളിൽ, നാളെകളിൽ പ്രദേശികതയുടെ അതിർത്തികൾ അലിഞ്ഞില്ലാതാവട്ടെ.