നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് സോളമന്റെ തേനീച്ചകൾ .ഇണപിരിയാത്ത സുഹൃത്തുക്കളായ രണ്ടു യുവ വനിതാ പോലീസുകാരികളുടെ കഥ പറയുന്ന ചിത്രമാണിത് .എല്ലാ പ്രശ്നത്തിലും പരസ്പരം താങ്ങും തണലുമാകുന്ന രണ്ട് ആത്മാർത്ഥ സുഹൃത്തുക്കൾ അപ്രതീക്ഷിതമായി അവരുടെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവവികാസങ്ങളുമൊക്കെയാണ് പറയുന്നത്. ഇരുവരുടെയും സൗഹൃദം പ്രേക്ഷകരുടെയും ഉള്ളുതൊടുന്ന ഒന്നാണ്. ലഭിച്ച വേഷങ്ങള്‍ ദര്‍ശനയും വിന്‍സിയും മനോഹരമാക്കി.
ജോജു ജോര്‍ജ്ജ്, ജോണി ആന്റണി, വിൻസി അലോഷ്യസ്, ഷാജു ശ്രീധര്‍, ബിനു പപ്പു, മണികണ്ഠന് ആചാരി, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ എന്നിവര്‍ക്കൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തിൽ സോളമൻ എന്ന അന്വേഷണ ഉദ്യോഗസ്ഥൻ ആയിട്ടാണ് ജോജു എത്തുന്നത്.കഥയുടെ രസച്ചരട് മുറിക്കാതെ മുന്നോട്ട് കൊണ്ടുപോവുന്നതില്‍ ജോജു ജോര്‍ജിന്റെ കഥാപാത്രത്തിന് വലിയൊരു റോള്‍ തന്നെയുണ്ട്.
പി.ജി പ്രഗീഷ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വളരെ ലളിതമായി പറഞ്ഞുപോയ കഥയിൽ നവാഗത നായികാനായകന്മാർ തങ്ങളുടെ ഭാഗം കുറ്റമറ്റതാക്കി.ചിത്രത്തിന്റെ സംഗീത സംവിധായകൻ വിദ്യാസാഗർ ആണ്.ലാൽ ജോസന്റെ തിരിച്ചു വരവ് എന്ന് പറയാൻ പറ്റില്ലെങ്കിലും അത്യാവശ്യം പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ചിത്രം തന്നെയാണിത്.