എന്നും മലയാളി സിനിമ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുള്ള ചിത്രങ്ങൾ ആണ് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങൾ. ഇരുവരുടെയും ചിത്രങ്ങൾ ക്ലാഷ് റിലീസ് ആയി എത്തിയപ്പോൾ എപ്പോഴും ബോക്സ് ഓഫീസിൽ വമ്പൻ പോരാട്ടം നടന്നിരുന്നു. 2016 ൽ ആയിരുന്നു ഇരുവരുടെയും ചിത്രങ്ങൾ അവസാനം ക്ലാഷ് റിലീസിന് എത്തിയത്. വൈശാഖ് സംവിധാനം ചെയ്ത പുലിമുരുഗനും ജോണി ആന്റണി സംവിധാനം ചെയ്ത തോപ്പിൽ ജോപ്പനും ആണ് ക്ലാഷ് റിലീസ് ആയി എത്തിയ അവസാന ബിഗ് എംസ് ചിത്രങ്ങൾ.
ഇപ്പോൾ നീണ്ട ആറ് വർഷങ്ങൾക്ക് ശേഷം ഇരുവരുടെയും ചിത്രങ്ങൾ ക്ലാഷ് റിലീസ് ആയി വരാൻ ഒരുങ്ങുക ആണ്. കെട്ടിയോൾ ആണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്കും പുലിമുരുഗന്റെ സംവിധായകൻ വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്റർ എന്നീ ചിത്രങ്ങൾ ആണ് ക്ലാഷ് റിലീസ് ആയി വരുന്നുന്നത്. ഇരു ചിത്രങ്ങളും വലിയ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രങ്ങൾ ആണ്.
പുലിമുരുഗൻ എന്ന ഇൻഡസ്ട്രിയൽ ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖ്-മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം ആണ് മോൺസ്റ്റർ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഉദയകൃഷ്ണ രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ലക്ഷ്മി മഞ്ജു, ഹണി റോസ് എന്നിവരാണ് നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്ക് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ ആണ് നിർമ്മിച്ചിരിക്കുന്നത്. ഇരു ചിത്രങ്ങളും സെപ്റ്റംബർ 29 ന് പൂജ റിലീസ് ആയി തിയേറ്ററുകളിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതിനെപ്പറ്റി ഔദ്യോഗിക സ്ഥിതീകരണങ്ങൾ ഒന്നും ഇതുവരെ വന്നിട്ടില്ല.