മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം. ജീത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ് നായകൻ ആയി എത്തിയത്. മീന നായിക ആയെത്തിയ ചിത്രത്തിൽ എസ്റ്റർ അനിൽ, അൻസിബ ഹസ്സൻ, സിദ്ധിക്ക്, ആശ ശരത്, കലാഭവൻ ഷാജോൺ, ഇർഷാദ്, കുഞ്ചൻ, കോഴിക്കോട് നാരായണൻ നായർ തുടങ്ങി ഒട്ടേറെ താരങ്ങൾ അഭിനയിച്ചിരുന്നു. 2013 ഡിസംബർ 19 ന് റിലീസ് ചെയ്ത ചിത്രം മലയാളത്തിലെ ആദ്യ അൻപത് കോടി ക്ലബ്ബിൽ ഇടം നേടുന്ന ചിത്രം ആയി മാറിയിരുന്നു.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ദൃശ്യം നിർമിച്ചത്. വലിയ വിജയം ആയതിനെ തുടർന്ന് തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക്, സിംഹള, ചൈനീസ് എന്നീ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്തിരുന്നു. അവിടെ എല്ലാം മികച്ച വിജയം ചിത്രം നേടുകയും ചെയ്തു. ഇപ്പോൾ ദൃശ്യം സിനിമയെ പറ്റി ഒരു വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത നിർമ്മാതാവ് എസ് സി പിള്ള. ദൃശ്യം ശ്രീനിവാസനെ നായകൻ ആക്കി ചെയ്യാൻ ഇരുന്ന ചിത്രം ആയിരുന്നു എന്നാണ് എസ് സി പിള്ള പറയുന്നത്.
ദൃശ്യത്തിന്റെ കഥ ആദ്യം കേട്ടത് താൻ ആണെന്നും കഥ കേട്ടപ്പോൾ തൊട്ട് ശ്രീനിവാസനെ നായകൻ ആക്കി ചെയ്യാൻ ആണ് തീരുമാനിച്ചത് എന്നും എന്നാൽ കൂടെ ഉള്ള ഒരാൾ കാരണം ആണ് അത് നടക്കാതെ പോയത് എന്നും എസ് സി പിള്ള പറഞ്ഞു. ജീത്തുവിനോട് എല്ലാം സംസാരിച്ചു അഡ്വാൻസ് കൊടുക്കാൻ നേരം തന്റെ മാനേജർ കഥ നല്ലത് അല്ല എന്ന് പറഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നു എന്നും എസ് സി പിള്ള പറയുന്നു. പിന്നീട് നാല് വർഷങ്ങൾക്ക് ശേഷം ആണ് മോഹൻലാലിനെ നായകൻ ആക്കി ദൃശ്യം പുറത്തിറങ്ങിയത് എന്നും എസ് സി പിള്ള കൂട്ടിച്ചേർക്കുന്നു.