മലയാളത്തിന്റെ അഭിനയകുലപതിയുടെ വെള്ളിത്തിരയിലെ 51 വർഷങ്ങൾ. മലയാള സിനിമയിൽ 51 വർഷങ്ങൾ എന്ന നാഴികക്കല്ല് പിന്നിട്ട് മമ്മൂക്ക. മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മമ്മൂക്ക മാറിയിട്ട് വർഷങ്ങളായി. അത്തരത്തിൽ മലയാളികളുടെ വികാരം എന്ന പേരിന്റെ കൂടെ ചേർത്ത് വായിക്കേണ്ട പേരുകളിൽ ഒന്നാണ് മമ്മൂക്ക. 1971 ഇത് അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് താരം സിനിമ രംഗത്തേക്ക് കാലെടുത്തു വച്ചത്.
പിന്നീട്ട് ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ, വില്ലൻ വേഷങ്ങളടക്കം ചെയ്തുകൊണ്ട് മമ്മൂക്ക മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി. തന്റെ അഭിനയ വൈഭവം കൊണ്ടും കഠിനാധ്വാനം കൊണ്ടും സിനിമ മേഖലയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ മമ്മൂട്ടി എന്ന നടനായിട്ടുണ്ട്. മലയാളം, തമിഴ് , കന്നഡ ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ വ്യത്യസ്ത ഭാഷകളിലായി 400 ലേറെ ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് ഈ വർഷങ്ങൾക്കിടയിൽ സാധിച്ചിട്ടുണ്ട്.
1980 ഇൽ റിലീസ് ചെയ്ത ചിത്രമായ വിൽക്കാനുണ്ട് സ്വപ്നങ്ങൾ ആണ് ആദ്യമായി നടനെന്ന നിലയിൽ സ്ക്രീനിൽ പേര് തെളിയിച്ച ചിത്രം. കോട്ടയം കുഞ്ഞച്ചനിലെ ദാർഷ്ട്യക്കാരനായ മാടമ്പിയും, രാപ്പകളിലെ ജോലിക്കാരനും, ന്യൂ ഡൽഹി എന്ന ചിത്രത്തിലെ ഗ്യാങ്സ്റ്റർ കാഥാപാത്രവും തുടങ്ങി ഇപ്പോൾ ഭീഷ്മ പർവ്വത്തിലെ മൈക്കിളപ്പനിൽ വരെ ഈ 70 ആം വയസ്സിലും അദ്ദേഹം നമ്മെ അതിശയിപ്പിച്ചു കൊണ്ടിരിക്കുന്നു.
മലയാള സിനിമയുടെ ചരിത്രം എടുത്തു നോക്കിയാൽ അതിൽ ഒഴിച്ചുകൂടാനാവാത്ത ഒരു അതുല്യ പ്രതിഭാസമായി നിറഞ്ഞു നിൽക്കുകയാണ് നമ്മുടെ മമ്മൂക്ക. പത്മശ്രീ, മികച്ച നടനുള്ള ദേശീയ- സംസ്ഥാന പുരസ്കാരങ്ങള്‍ (മൂന്ന് ദേശീയ അവാര്‍ഡുകളും ഏഴ് സംസ്ഥാന പുരസ്കാരവും), ഫിലിം ഫെയര്‍ പുരസ്കാരങ്ങള്‍, കേരള- കാലിക്കറ്റ് സര്‍വകലാശാലകളില്‍ നിന്നും ഡോക്ടറേറ്റ് എന്നിങ്ങനെ ഒട്ടേറെ പുരസ്കാരങ്ങള്‍ മമ്മൂക്ക സ്വന്തമാക്കി.
അഭിനയത്തെക്കാളേറെ ആരാധകരും സഹതാരങ്ങളും ഇന്നും അസൂയയോടെ നോക്കിക്കാണുന്ന ഒന്നാണ് അദ്ദേഹത്തിന്റെ സൗന്ദര്യ ബോധം. മറ്റാർക്കുമില്ലാത്തത്ര ശ്രദ്ധയോടെയാണ് മമ്മൂക്ക തന്റെ സൗന്ദര്യം സംരക്ഷ്ച്ചു പോവുന്നത്. ചിട്ടയായ ജീവിതക്രമവും മിതമായ ഭക്ഷണവുമെല്ലാം ആണ് അദ്ദേഹത്തെ ഇന്നും പ്രേം നസീറിന് ശേഷം മലയാളത്തിന്റെ നിത്യഹരിത നായകൻ എന്ന ലേബലിലേക്കുയരാൻ സഹായിച്ചത്.
ഏതു ഭാഷയിലും വേഷങ്ങൾ ഒഴുക്കോടെയെയും ത്രസിപ്പിച്ചും അനായാസം അഭിനയിക്കാനുള്ള മെഗാസ്റ്റാറിനെ കഴിവ് അത്രത്തോളമുണ്ട്. പുതുതലമുറക്കിടയിലും ആശയം കൊണ്ടും ഫാഷന്‍ കൊണ്ടും സ്വാധീനം ചെലുത്തുന്ന മറ്റൊരു നടൻ മലയാള സിനിമയിൽ വളരെ വിരളമാണ്. അഭിനയ ജീവിത്തിൽ 51 വർഷങ്ങൾ തികക്കുന്ന മമ്മൂക്കക്ക് എല്ലാ വിധ ആശംസകളും.