മലയാള സിനിമയിലെ യൂത്ത് സെൻസേഷണൽ ഹീറോ ടോവിനോ തോമസ് നായകൻ ആയി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആണ് തല്ലുമാല. ഓഗസ്റ്റ് 12 ന് ചിത്രം ലോകം എമ്പാടും ഉള്ള തിയേറ്ററുകളിൽ എത്തും. ഖാലിദ് റഹ്മാൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം ആണ് തല്ലുമാല. മലയാളികളുടെ പ്രിയപ്പെട്ട യുവ നായിക കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിൽ നായിക ആയി എത്തുന്നത്.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മുഹ്സിൻ പരാരി, അഷ്റഫ് ഹംസ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കപ്പേള ഉൾപ്പടെ ഒരുപിടി മികച്ച ചിത്രങ്ങളുടെ ഛായഗ്രഹണം നിർവഹിച്ച ജിംഷി ഖാലിദ് ആണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. നിഷാദ് യൂസഫ് എഡിറ്റിംഗും വിഷ്ണു വിജയ് സംഗീതവും നിർവഹിച്ചിരിക്കുന്നു. ഗോകുൽ ദാസ് ആണ് ആർട്ട് കൈകാര്യം ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റേത് ആയി ഇത് വരെ പുറത്ത് വന്ന പാട്ടുകൾക്കും ടീസറിനും ട്രൈലെറിനും വലിയ വരവേൽപ്പ് ആണ് പ്രേക്ഷകർ നൽകിയത്. അടുത്ത കാലത്ത് മലയാള സിനിമയിൽ കണ്ട ഏറ്റവും മികച്ച ട്രൈലെർ ആണ് തല്ലുമാലയുടേത് എന്നാണ് ട്രൈലെർ കണ്ട ശേഷം ആളുകൾ അഭിപ്രായപ്പെട്ടത്. ടോവിനോയെയും കല്യാണിയെയും കൂടാതെ ഷൈൻ ടോം ചാക്കോ, ലുക്ക്മാൻ, ചെമ്പൻ വിനോദ് ജോസ്, ഗോകുലൻ ഗോകു, ബിനു പപ്പു, ഓസ്റ്റിൻ ഡാൻ തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ അഭിനയിച്ചിട്ടുണ്ട്.