കമല ഹസ്സൻ നായകനായി തിയ്യേറ്ററുകൾ കീഴടക്കി ഇപ്പോൾ ഓ ടി ടി യിൽ പടയോട്ടം തുടരുന്ന വിക്രം എന്ന മെഗാ ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനഗരാജ് ദളപതി വിജയോടൊപ്പം ഒന്നിക്കുന്ന ചിത്രമാണ് ദളപതി 67 എന്ന താൽക്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം. നാല് സിനിമകളാണ് ലോകേഷിന്റെ സംവിധാനത്തില്‍ ഇതുവരെ പുറത്തിറങ്ങിയത്. മാനഗരം, കെെതി, മാസ്റ്റര്‍, വിക്രം എന്നീ നാല് ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.
എന്നാൽ വിക്രം എന്ന ചിത്രത്തിന് ശേഷം ഒട്ടേറെ പ്രശംസകൾ ഏറ്റുവാങ്ങി ഇന്ത്യയിലെ ഐകോണിക് ഡയറക്ടർ മാരുടെ പട്ടികയിലേക്ക് ചേക്കേറിയിരിക്കുകയാണ് താരം. കമലഹാസന് നായകനായെത്തിയ വിക്രം അഞ്ഞൂറ് കോടിയോളമാണ് നേടിയത്. ‘വിജയ് 67’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിങ് ഒക്ടോബര്‍ മാസത്തിൽ ആരംഭിക്കുമെന്നാണ് സൂചനകൾ പുറത്തു വരുന്നത്. അതുവരെ കുറച്ച് നാളത്തേക്കായി സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ലോകേഷ് തന്റെ ആരാധകരെ അറിയിച്ചു. ഒരു ഗ്യാങ്സ്റ്റർ കഥയെ ആസ്പദമാക്കി അണിയറയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈയിലാണ് പ്ലാൻ ചെയ്തിരിക്കുന്നത്.
“എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും ഒരു ചെറിയ ഇടവേള എടുക്കാൻ ഞാൻ ആലോചിക്കുന്നു. എന്റെ അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനവുമായി ഞാൻ ഉടൻ മടങ്ങിവരും. അതുവരെ എല്ലാവരും കാത്തിരിക്കുക.” തന്റെ ചിന്തകൾ ആസ്പദമാക്കി അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചതാണിത്. ദളപതി 67 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥ എഴുതി തുടങ്ങിയതിനാൽ എഴുത്തിൽ തന്റെ ശ്രദ്ധ കേന്ദ്രീകരിക്കാൻ തൽക്കാലം സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചതാകാം എന്നാണ് സൂചന.
ലോകേഷിന്റെ അടുത്ത ചിത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയില്‍ ആരംഭിച്ചിട്ട് കുറച്ചധികം നാളുകളായി. ദളപതി 67 എന്ന ഈ ചിത്രം മുഴുവനായും ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിനെ ആസ്പദമാക്കിയുള്ള ചിത്രമായിരിക്കും എന്നും അഭ്യൂഹങ്ങളുണ്ട്. സാമന്തയും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.