മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ താരങ്ങളിൽ ഒരാളും ഏറ്റവും മികച്ച നടന്മാരിൽ ഒരാളും ആണ് മലയാളികളുടെ സ്വന്തം സൂപ്പർസ്റ്റാർ സുരേഷ് ഗോപി. സുരേഷ് ഗോപിയെ നായകൻ ആക്കി സൂപ്പർഹിറ്റ് സംവിധായകൻ ജോഷി സംവിധാനം ചെയ്ത പാപ്പൻ എന്ന ചിത്രം കഴിഞ്ഞ വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തിയിരുന്നു. ഏറെ പ്രതീക്ഷയോടെ എത്തിയ ഈ ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം ആണ് കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്. ആദ്യ മൂന്ന് ദിവസം കൊണ്ട് ചിത്രം കേരളത്തിൽ നിന്ന് മാത്രം പത്ത് കോടി രൂപക്ക് മീതെ കളക്ട് ചെയ്തു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സുരേഷ് ഗോപി നായകൻ ആയി എത്തുന്ന ഒരു ചിത്രത്തിന് ഇത്രയും വലിയ ഒരു ഓപ്പണിങ് കളക്ഷൻ ലഭിക്കുന്നത് ആദ്യമായിട്ടാണ്. എബ്രഹാം മാത്യു മാത്തൻ എന്ന റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ ആയിട്ടാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട സുരേഷ് ഗോപി ചിത്രത്തിൽ എത്തിയത്. ആർ ജെ ഷാൻ രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ നീത പിള്ള, നൈല ഉഷ, കനിഹ, ആശ ശരത്, ഗോകുൽ സുരേഷ്, ടിനി ടോം, ചന്തുനാഥ്, ഡയാന ഹമീദ്, രാഹുൽ മാധവ്, ശ്രീജിത്ത് രവി, മാനസ രാധാകൃഷ്ണൻ, ഷമ്മി തിലകൻ, നന്ദു, അജ്മൽ അമീർ, നിർമൽ പാലാഴി, മാളവിക നായർ, അഭിഷേക് തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ അഭിനയിച്ചിട്ടുണ്ട്.
വലിയ ഒരു ഇടവേളക്ക് ശേഷം തിരിച്ചു വന്നത് ആണെങ്കിലും സുരേഷ് ഗോപിയുടെ സ്റ്റാർഡം ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന് സൂചിപ്പിക്കുന്നത് ആണ് തിരിച്ചു വരവിന് ശേഷം ഉള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ബോക്സ് ഓഫീസ് പ്രകടനം. വരനെ ആവശ്യം ഉണ്ട്, കാവൽ എന്ന ചിത്രങ്ങൾ വിജയം ആയപ്പോൾ പാപ്പൻ ബ്ലോക്ക്ബസ്റ്റർ ആകും എന്ന കാര്യത്തിൽ ആർക്കും സംശയം ഇല്ല. ഇനി ഒരു പിടി വമ്പൻ ചിത്രങ്ങൾ ആണ് സുരേഷ് ഗോപിയുടേത് ആയി വരാൻ ഉള്ളത്. ജിബു ജേക്കബ് ചിത്രം മെയ് ഹൂം മൂസ, രാഹുൽ രാമചന്ദ്രൻ ചിത്രം, മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ, ജയരാജിന്റെ ഹൈവേ 2 തുടങ്ങി പ്രതീക്ഷ നൽകുന്ന ഒരുപാട് ചിത്രങ്ങൾ ആണ് അണിയറയിൽ ഒരുങ്ങുന്നത്.