പ്രിത്വിരാജ് സുകുമാരനെ നായകൻ ആക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത് പുറത്ത് വന്ന ചിത്രം ആണ് കടുവ. ജൂലൈ ഏഴിനായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. റിലീസ് ചെയ്തു ഒരു മാസം പിന്നിടും മുൻപേ അൻപത് കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ് കടുവ ഇപ്പോൾ. ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ പ്രിത്വിരാജ് സുകുമാരൻ തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പുറത്ത് വിട്ടത്. ചിത്രം ഓഗസ്റ്റ് നാലിന് ആമസോൺ പ്രൈം വഴി ഒ ടി ടി റിലീസ് ചെയ്യും.
പ്രിത്വിരാജിന്റെ തുടർച്ചായായ രണ്ടാമത്തെ അൻപത് കോടി ചിത്രം ആണ് കടുവ. ഇതിന് മുൻപ് പുറത്തിറങ്ങിയ ജനഗണമന എന്ന ചിത്രവും ആഗോള തലത്തിൽ അൻപത് കോടി രൂപയിൽ ഏറെ കളക്ഷൻ നേടിയിരുന്നു. കടുവയും ജനഗണമനയും നിർമ്മിച്ചിരിക്കുന്നത് പ്രിത്വിരാജ് പ്രോഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന് ആണ്. സിംഹാസനം എന്ന ചിത്രത്തിന് ശേഷം ഷാജി കൈലാസ് പ്രിത്വിരാജിനെ നായകൻ ആക്കി ഒരുക്കിയ ചിത്രം കൂടിയാണ് കടുവ.
പ്രിത്വിരാജ് അഭിനയിച്ച് തിയേറ്ററുകളിൽ റിലീസ് ചെയ്ത അവസാന നാല് ചിത്രങ്ങളും വമ്പൻ വിജയം ആണ് നേടിയിരിക്കുന്നത്. ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസൻസ്, സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും, ഡിജോ ജോസ് ആന്റണിയുടെ ജനഗണമനയും ഏറ്റവും ഒടുവിൽ ഷാജി കൈലാസിന്റെ കടുവയും എല്ലാം മികച്ച വിജയം ആണ് സ്വന്തമാക്കിയത്. ഇനി അടുത്തതായി പ്രിത്വിരാജിന്റേതായി തിയേറ്ററുകളിൽ എത്തുക അൽഫോൻസ് പുത്രൻ പ്രേമത്തിന് ശേഷം സംവിധാനം ചെയ്യുന്ന ഗോൾഡ് എന്ന ചിത്രം ആയിരിക്കും. ഓണം റിലീസ് ആയി എത്തുമെന്ന പ്രതീക്ഷിക്കപ്പെടുന്ന ചിത്രത്തിൽ ലേഡി സൂപ്പർസ്റ്റാർ നയൻതാര ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.