മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയെ നായകൻ ആക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം ആണ് റോഷാക്ക്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മെഗാസ്റ്റാർ മമ്മൂട്ടി തന്നെ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആസിഫ് അലിയെ നായകൻ ആക്കി ഒരുക്കിയ കെട്ടിയോൾ ആണെന്റെ മാലാഖ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം ആണ് റോഷാക്ക്. ലുക്കാ, കുറുപ്പ് എന്നീ ചിത്രങ്ങളിലൂടെ ശ്രെദ്ധ നേടിയ നിമിഷ് രവി ആണ് റോഷാക്കിന്റെ ഛായഗ്രഹണം കൈകാര്യം ചെയ്യുന്നത്.
ത്രില്ലെർ വിഭാഗത്തിൽ ആണ് ചിത്രം ഒരുങ്ങുന്നത്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുൽ ആണ് റോഷാക്കിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട യുവ താരം ആസിഫ് അലിയും ചിത്രത്തിൽ ഉണ്ട് എന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. എന്നാൽ ഇതിനെപറ്റി ഇതുവരെ ഔദ്യോഗിക സ്ഥിതീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. റോഷാക്കിന്റെ ദുബായ് ഷെഡ്യൂൾ ചിത്രീകരണം നടക്കുന്ന സമയം മെഗാസ്റ്റാർ മമ്മുട്ടിക്ക് ഒപ്പം ദുബായിൽ നിൽക്കുന്ന ഒരു ഫോട്ടോ ആസിഫ് അലി തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതാണ് ആസിഫ് അലി ചിത്രത്തിൽ ഉണ്ട് എന്ന തരത്തിൽ വാർത്തകൾ പരക്കാൻ കാരണം.
ഭീഷമ പർവ്വത്തിന് ശേഷം തിയേറ്ററുകൾ ഇളക്കി മറിക്കാൻ പോകുന്ന ഒരു മമ്മുട്ടി ചിത്രം ആയിരിക്കും ഇത് എന്നാണ് പ്രേക്ഷക പ്രതീക്ഷകൾ. ഒരു ഫസ്റ്റ് ലുക്ക് അല്ലാതെ ചിത്രത്തെ പറ്റി കൂടുതൽ അപ്ഡേറ്റുകൾ ഒന്നും തന്നെ ഇതുവരെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. ഓണം റിലീസ് ആയി റോഷാക്ക് തിയേറ്ററുകളിൽ എത്തും എന്നാണ് സൂചന. ഇപ്പോൾ ഉദയ കൃഷണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ് മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ച് കൊണ്ടിരിക്കുന്നത്.