നിവിൻ പോളിയെയും ആസിഫ് അലിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകൻ എബ്രിഡ് ഷൈൻ ഒരുക്കുന്ന മഹാവീര്യരുടെ ക്ലൈമാക്സ് മാറ്റി. പ്രേക്ഷകർക്ക് കൂടുതൽ മനസ്സിലാകുന്ന തരത്തിൽ ക്ലൈമാക്സിൽ ചെറിയ വ്യത്യാസത്തോടെയാണ് ചിത്രം ഇപ്പോൾ പ്രദർശിപ്പിക്കുന്നത്. പുതിയ ക്ലൈമാക്സ് പ്രേക്ഷകർ നന്നായി സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. ഷാൻവി ശ്രീവാസ്തവയാണ് ചിത്രത്തിലെ നായിക.
ലാലു അലക്സ്, സിദ്ദിഖ്, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പത്മരാജ് രതീഷ്, സുധീർ പാറ എന്നിവരും ചിത്രത്തിലുണ്ട്. പ്രശസ്ത എഴുത്തുകാരൻ എം മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫാന്റസി, ടൈം ട്രാവൽ, നിയമ പുസ്തകങ്ങൾ, നിയമങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയാണ് ‘മഹാവീര്യർ’ പ്രമേയം.
നിവിൻ പോളി, അദ്ദേഹത്തിന്റെ ഹോം ബാനറിൽ പോളി ജൂനിയർ പിക്ചേഴ്സും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ പി എസ് ഷംനാസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാന് ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.
ശബ്ദ മിശ്രണം – വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, കലാ സംവിധാനം – അനീസ് നാടോടി, വസ്ത്രാലങ്കാരം – ചന്ദ്രകാന്ത്, മുഖ്യ സഹ സംവിധാനം – ബേബി പണിക്കര്‍ ചിത്രസംയോജനം – മനോജ്, മെല്‍വി. ജെ, ചമയം – ലിബിന് മോഹനന്, തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ഫാന്റസിയോടൊപ്പം എല്ലാ കാലഘട്ടത്തിനും ഉതകുന്ന ഒരു രീതിയിലുള്ള രാഷ്ട്രീയവും പറയുന്ന ചിത്രം ഡീകോഡിങ് കൂടി കഴിഞ്ഞതോടെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെടുകയാണ്.
വലിയ ക്യാൻവാസിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചലച്ചിത്രം പുതിയ കാഴ്ചകൾ സമ്മാനിക്കുന്ന കാമ്പുള്ള ഒന്നായിരിക്കും എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. വര്‍ഷങ്ങൾക്കു ശേഷമാണ് നിവിന്‍ പോളിയും ആസിഫ് അലിയും ഒരുമിച്ച് അഭിനയിക്കുന്നത്. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മൂന്നാം തവണ നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രവുമാണ് മഹാവീര്യര്‍.