പ്രിത്വിരാജ് സുകുമാരനെ നായകൻ ആക്കി ജിനു വി എബ്രഹാമിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത് പുറത്ത് വന്ന കടുവ എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രം ഇതിനോടകം തന്നെ അൻപത് കോടി രൂപക്ക് അടുത്ത് ആഗോള കളക്ഷൻ ആയി നേടി കഴിഞ്ഞു. പ്രിത്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് കടുവ എന്ന ചിത്രം നിർമിച്ചിരിക്കുന്നത്. ഒരുപാട് നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ ആണ് കടുവ തിയേറ്ററുകളിലേക്ക് എത്തിയത്.
കടുവ എന്ന ചിത്രം തന്റെ കഥയാണ് പറയുന്നത് എന്നും തന്റെ അനുവാദം കൂടാതെ ആണ് അവർ അത് സിനിമയാക്കിയത് എന്നും കാണിച്ച് പാലക്കാരനായ കുരുവിനാക്കുന്നേൽ കുറുവച്ചൻ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഇതേത്തുടർന്ന് ചിത്രത്തിലെ നായക കഥാപാത്രത്തിന്റെ പേര് കുറുവച്ചൻ എന്നതിൽ നിന്ന് കുര്യാച്ചൻ എന്ന് മാറ്റിയാണ് സിനിമ പ്രദർശനത്തിന് എത്തിയത്. ഇപ്പോൾ ഇതിനെപ്പറ്റി തുറന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകൻ ഷാജി കൈലാസ്. കുറുവച്ചന്റെ വീട്ടിലേക്ക് താൻ സ്ക്രിപ്റ്റുമായി പോയിട്ടില്ല എന്നും കടുവ കുറുവച്ചന്റെ കഥ അല്ല എന്നുമാണ് ഷാജി കൈലാസ് പറഞ്ഞത്. കുറുവച്ചനെ മനസ്സിൽ കണ്ട് മോഹൻലാലിനെ വെച്ച് ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു എന്നും എന്നാൽ പല കാരണങ്ങൾ കൊണ്ടും അത് സംഭവിച്ചില്ല എന്നും ഷാജി കൈലാസ് പറഞ്ഞു.
കുറുവച്ചൻ എന്ന വ്യക്തിയുടെ ചില സ്വാധീനങ്ങൾ മാത്രം ആണ് കടുവയിലെ കഥാപാത്രത്തിന് ഉള്ളത്. അല്ലാതെ മുഴനീളെ ആ ഒരാളുടെ കഥ അല്ല. പാലാ ഏരിയയിൽ ഉള്ള ഒരുപാട് പേരുടെ കഥകളെ കൂട്ടിച്ചേർത്ത് ആണ് കടുവയുടെ രചന നടത്തിയിട്ടുള്ളത് എന്നും ഷാജി കൈലാസ് പറയുന്നു. അതിനിടെ ചിത്രത്തിന്റെ ഒ ടി ടി പ്രദർശനം തടയണം എന്ന് ആവശ്യപ്പെട്ട് കുരുവിനാക്കുന്നേൽ കുറുവച്ഛൻ കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഇന്ത്യയിൽ മാത്രമേ നായക കഥാപാത്രത്തിന്റെ പേര് മാറ്റിയോളു എന്നും ഇന്ത്യക്ക് പുറത്ത് കുറുവച്ഛൻ എന്ന പേരിൽ തന്നെ ആണ് സിനിമ പ്രദർശിപ്പിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.