മലയാള സിനിമയിലെ യുവ സംവിധായകരിൽ ഏറെ ശ്രെദ്ധേയനായ ഒരാൾ ആണ് ടിനു പാപ്പച്ചൻ. ലിജോ ജോസ് പെല്ലിശേരിയുടെ അസിസ്റ്റന്റ് ആയിരുന്ന ടിനു പാപ്പച്ചൻ ആന്റണി വർഗീസിനെ നായകൻ ആക്കി ഒരുക്കിയ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിലൂടെ ആണ് സ്വതന്ത്ര സംവിധായകൻ ആയി അരങ്ങേറ്റം കുറിച്ചത്. അതിന് ശേഷം ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി അജഗജാന്തരം എന്ന ചിത്രവും ടിനു സംവിധാനം ചെയ്തിരുന്നു.
ഇപ്പോൾ ടിനു പാപ്പച്ചൻ അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയിരിക്കുകയാണ്. തലശേരിയിൽ വമ്പൻ സെറ്റ് ഇട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. അരുൺ നാരായണൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ഗോകുൽ ദാസ് ആണ് ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ. പ്രശസ്ത നടനും സംവിധായകനുമായ ജോയ് മാത്യു ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാമൂഹ്യ പാഠം, ഷട്ടർ, അങ്കിൾ എന്നീ ചിത്രങ്ങൾക്ക് ശേഷം ജോയ് മാത്യു രചന നിർവഹിക്കുന്ന ചിത്രം ആണിത്.
ഇത് വരെ പേരിട്ടില്ലാത്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ആണ് നായകൻ ആയി എത്തുന്നത്. കുഞ്ചാക്കോ ബോബന് ഒപ്പം അർജുൻ അശോകനും ആന്റണി വർഗീസും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകൻ ആക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന നന്പകൽ നേരത്ത് മയക്കം എന്ന ചിത്രത്തിൽ അസോസിയേറ്റ് ഡയറക്ടർ ആയി ടിനു പാപ്പച്ചൻ പ്രവർത്തിച്ചിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടിയെയും കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെയും നായകന്മാരാക്കി ടിനു പാപ്പച്ചൻ ചിത്രം ഒരുക്കാൻ പോകുന്നു എന്ന അഭ്യൂഹങ്ങൾക്ക് ഇടയിൽ ആണ് ടിനു തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്.