മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ ആണ് ലാലു അലക്സ്. നായകനായും, വില്ലൻ ആയും, സഹനടനായും എല്ലാം താന്റെ കഴിവ് തെളിയിച്ച നടൻ ആണ് ലാലു അലക്സ്. ഏതു തരത്തിൽ ഉള്ള വേഷം കിട്ടിയാലും അത് വളരെ മികച്ച രീതിയിൽ തന്നെ സ്ക്രീനിൽ എത്തിക്കുന്ന ലാലു അലക്സ് മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയിരുന്നു. പെണ്മക്കളുടെ ഏറ്റവും അടുത്ത സുഹൃത്തായ അപ്പൻ വേഷം കുറെയേറെ സിനിമകളിൽ വളരെ രസകരമായി ലാലു അലക്സ് അവതരിപ്പിച്ചിട്ടുണ്ട്.
അങ്ങനെ മലയാള സിനിമയിൽ ക്യാരക്ടർ വേഷങ്ങൾ ചെയ്ത് മുൻ നിരയിൽ തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു ലാലു അലക്സിന്റെ പെട്ടന്ന് ഉള്ള ഒരു പിൻവാങ്ങൽ. പിന്നീട് കുറെ നാൾ സിനിമയിൽ അദ്ദേഹത്തെ കണ്ടില്ല. പക്ഷെ കുറച്ചു വർഷങ്ങൾക്ക് ശേഷം പുള്ളിയുടെ ഒരു തിരിച്ചു വരവ് ഉണ്ട്. തിരിച്ചു വരുന്നുണ്ടേൽ ഇങ്ങനെ വേണം വരാൻ എന്ന് മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുന്ന രീതിയിൽ ഉള്ള ഒരു വരവ്. ഡ്രൈവിംഗ് ലൈസൻസിലെ പ്രൊഡ്യൂസർ വേഷം, ബ്രോ ഡാഡിയിലെ കല്യാണിയുടെ അപ്പൻ വേഷം, ഏറ്റവും ഒടുവിൽ കഴിഞ്ഞ ആഴ്ച റിലീസ് ആയ നിവിൻ പോളി-എബ്രിഡ് ഷൈൻ കൂട്ടുകെട്ടിലെ മഹാവീര്യർ എന്ന ചിത്രത്തിലെ പബ്ലിക് പ്രോസിക്യൂട്ടർ എന്നീ വേഷങ്ങളിൽ ഒക്കെ എന്നാ പ്രകടനം ആണ് ഈ മനുഷ്യൻ കാഴ്ചവെച്ചിരിക്കുന്നത്.
ബ്രോ ഡാഡി എന്ന ചിത്രത്തിലെ ഷോ സ്റ്റീലർ ആരാണെന്നു ചോദിച്ചാൽ എല്ലാവർക്കും ഒറ്റ ഒരു ഉത്തരമെ കാണുവോള്ളൂ. ആസിഫ് അലിയും നിവിൻ പോളിയും ഒക്കെ ഉണ്ടെങ്കിലും മഹാവീര്യർ എന്ന ചിത്രം കണ്ട് കഴിഞ്ഞാൽ ആദ്യം ഓർമയിൽ വരുക ലാലു അലക്സിന്റെ പ്രകടനം ആണ്. വലിയ അഭിനയ പ്രാധാന്യം ഉള്ള വേഷങ്ങൾ ഒന്നും അല്ല എങ്കിലും ഈ മൂന്ന് ചിത്രങ്ങളിലും ലാൽ അലക്സ് തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നുണ്ട്. മറ്റുള്ള അഭിനേതാക്കൾ ഡയലോഗ് പറയുമ്പോൾ അദ്ദേഹം ഇടുന്ന കുറച്ച് എക്സ്പ്രസ്സൻസ് ഒക്കെ ഉണ്ട്, അത് കാണുമ്പോൾ നമ്മൾ പോലും അറിയാതെ ചിരിച്ചു പോകും. ഇനിയും ഒരുപാട് ചിത്രങ്ങളിൽ തന്റെ പ്രകടനത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കാനും വിസ്മയിപ്പിക്കാനും അദ്ദേഹത്തിന് സാധിക്കും.