ഇന്ത്യൻ സിനിമയിലെ നിലവിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാൾ ആണ് തമിഴകത്തിന്റെ സ്വന്തം ദളപതി വിജയ്. ഇന്ത്യക്ക് അകത്തും പുറത്ത് ലക്ഷക്കണക്കിന് ആരാധകർ ഉള്ള ഒരു താരം ആണ് ദളപതി വിജയ്. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള അന്യ ഭാഷ നടനും വേറെയാരുമല്ല. നെഗറ്റീവ് റിവ്യൂ വരുന്ന സിനിമകൾ പോലും സേഫ് ആക്കാൻ പറ്റുന്ന സ്റ്റാർ വാല്യൂ ഇന്ന് ദളപതി വിജയിക്ക് ഉണ്ട്. വിജയ് അഭിനയിച്ച് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ബീസ്റ്റ് എന്ന ചിത്രം അതിന് ഉത്തമ ഉദാഹരണം ആണ്.
റിലീസ് ചെയ്ത് ആദ്യ ഷോ കഴിഞ്ഞപ്പോൾ തൊട്ട് നെഗറ്റീവ് റിവ്യൂ വന്ന ബീസ്റ്റ് ആഗോള കളക്ഷൻ ആയി നേടിയത് ഇരുന്നൂറ്റി അൻപത് കോടിയോളം രൂപയാണ്. വിജയിയുടെ സ്റ്റാർഡം ഒന്ന് കൊണ്ട് മാത്രം ആണ് നിർമ്മാതാവിന് നഷ്ടം സംഭവിക്കാത്തത്. ഇപ്പോൾ ദളപതി വിജയിയെ പറ്റി മലയാളികളുടെ പ്രിയ സംവിധായകൻ ഫാസിൽ വിജയിയെ പറ്റി പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത്.
ഫൈറ്റ് സീനും പാട്ടും ഡാൻസും ഒന്നും ഇല്ലാത്ത സിനിമകൾ ചെയ്യാൻ വിജയിക്ക് ആഗ്രഹം ഉണ്ടെന്നും എന്നാൽ അത്തരം ചിത്രങ്ങൾ തന്റെ ആരാധകർക്ക് ഇഷ്ടപ്പെടുമോ എന്ന പേടി കൊണ്ടാണ് അദ്ദേഹം അത്തരം ചിത്രങ്ങൾ ചെയ്യാൻ മുതിരാത്തത് എന്നുമാണ് ഫാസിൽ പറയുന്നത്. ഫഹദ് ഫാസിൽ അഭിനയിച്ച് ഫാസിൽ നിർമ്മിച്ച് പുറത്തിറങ്ങിയ മലയൻകുഞ്ഞ് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളുമായി ബന്ധപ്പെട്ട് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ഫാസിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. വിജയിയെ നായകൻ ആക്കി കാതലുക്ക് മര്യാദ എന്ന ചിത്രം ഫാസിൽ ഒരുക്കിയിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായ അനിയത്തിപ്രാവിന്റെ റീമേക്ക് ആയിരുന്നു കാതലുക്ക് മര്യാദ.