കടുവയുടെ വൻ ബോക്സ് ഓഫീസിൽ വിജയത്തിന് ശേഷം സംവിധായകൻ ഷാജി കൈലാസും നടൻ പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് കാപ്പ. വെള്ളിയാഴ്ച തിരുവനന്തപുരത്ത് സ്വിച്ച് ഓൺ ചടങ്ങോടെയാണ് സിനിമയുടെ ഔദ്യോഗിക ലോഞ്ച് ആരംഭിച്ചത്. ചിത്രത്തിന്റെ പൂജ രാവിലെ 9.30ന് പാളയം വിജെടി ഹാളിൽ നടന്നു.
എസ് എൻ സ്വാമി സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചപ്പോൾ ചിത്രത്തിന്റെ ഭാഗമായ നടൻ ജഗദീഷ് ആദ്യ ക്ലാപ്പ് അടിച്ചു ഉത്ഘാടനം നിർവഹിച്ചു. പൃഥ്വിരാജ്, ആസിഫ് അലി, എകെ സാജൻ, ജിനു വി എബ്രഹാം എന്നിവരുൾപ്പെടുന്ന ചിത്രത്തിലെ അഭിനേതാക്കൾ എല്ലാവരും പൂജാ ചടങ്ങിൽ പങ്കെടുത്തു.
ഫെഫ്ക യൂണിയന്റെ സഹകരണത്തോടെ തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഇന്ദു ഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഇന്ദു ഗോപൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. തിരുവനന്തപുരത്തെ പ്രാദേശിക ഗുണ്ടാസംഘങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. പൃഥ്വിരാജിന് പുറമെ മഞ്ജു വാര്യരും ആസിഫ് അലിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
മഞ്ജു വാര്യർ അടുത്തയാഴ്ച ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് സൂചന. നടന്മാരായ ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിലെ അഭിനേതാക്കളുടെ ഭാഗമാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോൻ ടി ജോണും എഡിറ്റിംഗ് ഷമീർ മുഹമ്മദും നിർവ്വഹിക്കുന്നു. ചിത്രത്തിനായി പൃഥ്വിരാജ് 60 ദിവസത്തെ കാൾ ഷീറ്റ് നൽകിയതിനാൽ, വരാനിരിക്കുന്ന പ്രോജക്റ്റിൽ സിനിമാപ്രേമികൾ വലിയ പ്രതീക്ഷയിലാണ്.