പ്രേക്ഷകർ കിങ് ഖാൻ എന്നും SRK എന്നും ഒക്കെ ആരാധനയോടെ വിളിക്കുന്ന ബോളിവുഡ് മെഗാ സ്റ്റാർ ആണ് ഷാരൂഖ് ഖാൻ. ഷാരൂഖ് ഖാന്റെ പുതിയ ചിത്രമായ ജവാനിൽ തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ ദളപതി വിജയിയും അഭിനയിക്കും എന്നാണ് പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. രാജാ റാണി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തമിഴ് സിനിമാ ലോകത്ത് ശ്രദ്ധേയനായ സംവിധായകൻ ആറ്റ്ലിയാണ് ജവാൻ സംവിധാനം ചെയ്യുന്നത്. ശങ്കറിനൊപ്പം യന്തിരൻ, നൻപൻ എന്നീ ചിത്രങ്ങളുടെ സഹസംവിധായകൻ ആയി സിനിമാ മേഖലയിലേക്ക് കടന്നു വന്ന ആറ്റ്ലിയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ജവാൻ. ദളപതി വിജയിയെ നായകനാക്കി തെറി, മെർസൽ, ബിഗിൽ എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയതും ആറ്റ്ലി ആയിരുന്നു.
ആറ്റ്ലിയുമായുള്ള സൗഹൃദം കാരണം പ്രതിഫലം വാങ്ങാതെയാണ് വിജയ് ജവാനിൽ അഭിനയിക്കുക എന്നാണ് അറിയാൻ കഴിയുന്നത്. സെപ്റ്റംബറിൽ ചെന്നൈയിൽ വെച്ചാണ് വിജയിയുടെ ഭാഗങ്ങൾ ചിത്രീകരിക്കുക. അതിഥി വേഷത്തിലാണ് താരമെത്തുക. വിജയ് സേതുപതിയാണ് ജവാനിൽ ഷാരൂഖ് ഖാന്റെ വില്ലനായി എത്തുക എന്നും മുൻപ് സൂചനകൾ ലഭിച്ചിരുന്നു. നയൻതാരയാണ് ചിത്രത്തിൽ നായിക. വിവാഹശേഷം നയൻതാര ജവാന്റെ ചിത്രീകരണത്തിനായി തിരിച്ചെത്തിയതും വാർത്തയായിരുന്നു. പ്രിയാമണിയാണ് മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദീപിക പദുക്കോണും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്താൻ സാധ്യതയുണ്ട്.
ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിലാണ് എത്തുക എന്നും, ഷാരൂഖ് ഖാന്റെ ആദ്യ കഥാപാത്രം ഗ്യാങ്സ്റ്ററായ മകന്റെ വേഷമാണെന്നും മറ്റൊന്ന് സീനിയര്‍ റോ ഓഫീസറായി അഭിനയിക്കുന്ന പിതാവാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. 2023 ജൂൺ 2 ന് ജവാൻ തിയേറ്ററുകളിൽ എത്തും. എന്തായാലും, കിങ് ഖാനൊപ്പമുള്ള ദളപതിയുടെ അഭിനയം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലാണ് വിജയ് ആരാധകർ.