ജിജോ ആന്റണി സംവിധാനം ചെയ്ത് ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് അടിത്തട്ട്. ട്രെയിലർ ഉൾപ്പെടെ ചർച്ചയായ ചിത്രം കഴിഞ്ഞ ജൂൺ 24 ന് തിയേറ്ററുകളിൽ എത്തി. ഭൂരിഭാഗം ചിത്രീകരണവും കടലിൽ പൂർത്തിയാക്കിയ അടിത്തട്ട്, മികച്ച നിരൂപക – പ്രേക്ഷക പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. അഭിനേതാക്കൾ കൊല്ലത്തെ തീരദേശ മേഖലയിൽ എത്തി മത്സ്യത്തൊഴിലാളികളുടെ ജീവിതം നേരിട്ട് കണ്ടു പഠിച്ച ശേഷമായിരുന്നു ചിത്രത്തിന്റെ ഷൂട്ട് തുടങ്ങിയത്. കടലിനു നടുവിലെ മനുഷ്യരുടെ ജീവിതവും മനസികാവസ്ഥകളുമാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ അതിസാഹസികവും അപകടം നിറഞ്ഞതുമായ സംഘട്ടന രംഗങ്ങൾ ഒക്കെയും അഭിനേതാക്കൾ ഡ്യൂപ് ഇല്ലാതെയാണ് ചെയ്തത്. തെറിവാക്കുകളുടെ അമിത ഉപയോഗം കാരണം ചിത്രത്തിന് A സർട്ടിഫിക്കറ്റ് ആണ് കിട്ടിയത്.
അടിത്തട്ട് കാണാൻ ആദ്യ ദിവസം തിയേറ്ററിൽ എത്തിയ ഷൈൻ ടോം ചാക്കോ മാധ്യമ പ്രവർത്തകരെ കണ്ട് ഇറങ്ങി ഓടിയത് വാർത്തയായിരുന്നു. ഇപ്പോൾ, സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് അടിത്തട്ടിനു വേണ്ടി ഷൈൻ ടോം ചാക്കോ ഡബ്ബ് ചെയ്യുന്ന വീഡിയോ ആണ്. താരം തന്നെയാണ് തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. “ജയിക്കണമെന്നില്ലായിരുന്നെടാ, പക്ഷേ എനിക്ക് ജീവിക്കണമായിരുന്നെടാ മൈ*@£€#&…” എന്ന് അലറി വിളിച്ചാണ് ഷൈൻ ഡബ്ബ് ചെയ്യുന്നത്. ഇതിനിടെ ഷൈൻ പല ആക്ഷൻസ് കാണിക്കുകയും ചാടുകയും ഒക്കെ ചെയ്യുന്നുമുണ്ട്.
ഷൈനിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നായാണ് അടിത്തട്ട് കരുതുന്നത്. കഥാപാത്രത്തിനു വേണ്ടിയുള്ള ഷൈനിന്റെ തയ്യാറെടുപ്പുകളും പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അലക്സാണ്ടര്‍ പ്രശാന്ത്, ജയപാലന്, മുരുകല്‍ മാര്ട്ടിന്, ജോസഫ് യേശുദാസ്, അബ്ദുസമദ്, മുള്ളന്‍ സാബുമോന് തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.