പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ സിനിമയാണ് കടുവ. ചിത്രം ഇക്കഴിഞ്ഞ 7 ന് തിയേറ്ററുകളിൽ എത്തിയിരുന്നു. തിയേറ്ററിലേക്ക് ആളുകൾ വളരെ കുറച്ചു മാത്രം വന്നുകൊണ്ടിരുന്ന സാഹചര്യത്തിൽ നിന്നും മാറി മിക്കയിടത്തും ഹൗസ് ഫുൾ ആയാണ് കടുവയുടെ ഷോകൾ ഓടുന്നത്.
ജിനു വി. എബ്രഹാം രചിച്ച കടുവ, റിലീസിന് മുന്നേ തന്നെ നിരവധി വിവാദങ്ങളിൽ ഉൾപ്പെട്ടിരുന്നു. പൃഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രം തന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് എന്ന് കാണിച്ച് ജോസ് കുരുവിനാക്കുന്നേൽ എന്നയാൾ പരാതി നൽകി. തുടർന്ന് ചിത്രത്തിലെ പൃഥ്വിരാജ് കഥാപാത്രത്തിന്റെ പേര് കുറുവാച്ചൻ എന്നായിരുന്നത് മാറ്റി കുര്യാച്ചൻ എന്നാക്കിയിട്ടാണ് റിലീസ് ചെയ്തത്. കൂടാതെ ഇന്നത്തെ കാലത്ത് ഇതുപോലൊരു ആക്ഷൻ മാസ്സ് പടം ഇറങ്ങുന്നത് സമൂഹത്തിന് നല്ലതല്ല എന്ന രീതിയിലും വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇതിനെല്ലാം മറുപടി നൽകിക്കൊണ്ട് അണിയറ പ്രവർത്തകർ ചിത്രവുമായി മുന്നോട്ട് പോവുകയാണ് ഉണ്ടായത്. സിനിമ ഇറങ്ങിയ ശേഷം പൃഥ്വിരാജിന്റെ ഒരു ഡയലോഗ് വളരെ വലിയ വിമർശനങ്ങൾക്ക് കാരണമായി. ഡിസേബിൾഡ് ആയിട്ടുള്ള കുട്ടികൾ അങ്ങനെ ആവാൻ കാരണം കാർന്നോന്മാർ ചെയ്ത പാപങ്ങളാണ് എന്നതാണ് എതിർപ്പുകൾക്ക് കാരണമായ ഡയലോഗ്. വിമർശനങ്ങൾ ശക്തമായ സാഹചര്യത്തിൽ പ്രേക്ഷകരോട് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഷാജി കൈലാസും പൃഥ്വിരാജും. ഫേസ്ബുക് അക്കൗണ്ട് വഴിയാണ് ഇരുവരും മാപ്പ് പറച്ചിൽ നടത്തിയിരിക്കുന്നത്.
‘ആ സംഭാഷണശകലം ഒരു കൈപ്പിഴയാണെന്നും മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം’ എന്നുമാണ് ഷാജി കൈലാസ് പറഞ്ഞിരിക്കുന്നത്. ഷാജി കൈലാസിന്റെ പോസ്റ്റ് ഷെയർ ചെയ്തു കൊണ്ട് ‘Sorry. It was a mistake’ എന്ന് പൃഥ്വിരാജും എഴുതി. ഡയലോഗ് വിവാദത്തിനിടെ മുൻ ആരോപണങ്ങൾ ശക്തമാക്കി ജോസ് കുരുവിനാൽക്കുന്നേലിന്റെ കൊച്ചുമകനും രംഗത്തെത്തിയിട്ടുണ്ട്.