പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് നിർമ്മിച്ച ചിത്രമാണ് കടുവ. ചിത്രം ബോക്സ് ഓഫീസിൽ വൻവിജയം കരസ്ഥമാക്കി. ഏറെ വിവാദങ്ങൾക്ക് ശേഷമാണ് ചിത്രം റിലീസ് ആയിരിക്കുന്നത്. ഇപ്പോഴിതാ റിലീസിന് ശേഷവും ചിത്രം വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.മാതാപിതാക്കള്‍ ചെയ്യുന്ന പാപങ്ങളുടെ ഫലമായിട്ടാണ് കുട്ടികൾക്ക് വൈകാല്യം ഉണ്ടാകുന്നത് എന്ന സിനിമയിലെ പരാമർശനത്തിനെതിരെ സംസ്ഥാന ഭിന്നശേഷി കമ്മീഷൻ ഉൾപ്പെടെ നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോൾ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ്. മാതാപിതാക്കൾ ചെയ്ത തെറ്റുകളുടെ കര്‍മഫലമായിട്ടാണ് അവരുടെ കുട്ടികള്‍ ഭിന്നശേഷിക്കാരാകുന്നത് എന്നും.പ്രാകൃത ചിന്ത നായക കഥാപാത്രം വഴി സിനിമയില്‍ പങ്കുവെച്ചത് ഖേദകരമായ കാര്യമാണെന്നാണ് അദ്ദേഹം പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:-അടുത്തിടെ പുറത്തിറങ്ങിയ ‘കടുവ’ എന്ന സിനിമയിലെ ഒരു രംഗവും സംഭാഷണവും മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. മാതാപിതാക്കൾ ചെയ്ത തെറ്റുകളുടെ കർമഫലമാണ് അവരുടെ കുട്ടികൾ ഭിന്നശേഷിക്കാരാകുന്നത് എന്ന പ്രാകൃത ചിന്ത നായക കഥാപാത്രം വഴി സിനിമയിൽ പങ്കുവെച്ചത് ഖേദകരമാണ്. ഒരുപക്ഷേ, ഭിന്നശേഷിക്കാരായ കുട്ടികളെ ഏറെ അടുത്തറിയാൻ സാധിച്ചതും അവരുടെ മാതാപിതാക്കളുമായി നിരന്തരം സമ്പർക്കം പുലർത്താൻ കഴിയുന്നത് കൊണ്ടുമാകണം ഈ രംഗം ഉൾക്കൊള്ളാൻ എനിക്ക് കഴിയാതെ പോയത്. എന്റെ പൊതുപ്രവർത്തന ജീവിതത്തിൽ എനിക്ക് ഏറ്റവുമധികം സന്തോഷം നൽകുന്ന നിമിഷങ്ങളുണ്ടാകുന്നത് ഈ കുഞ്ഞുങ്ങളുടെ മുഖത്ത് നിറഞ്ഞുനിൽക്കുന്ന ചിരിയാണ്. എന്റെ മണ്ഡലമായ ഹരിപ്പാട്ട് ഭിന്നശേഷിക്കാരും ഓട്ടിസം ബാധിച്ചവരുമായ കുട്ടികൾക്ക് വേണ്ടി ‘സബർമതി’ എന്ന സ്പെഷ്യൽ സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. ഇങ്ങനെ കുഞ്ഞുങ്ങളെ ചേർത്തുനിർത്താനും സബർമതി നല്ല രീതിയിൽ പ്രവർത്തിപ്പിക്കാനും കഴിയുന്നത് ഒരു അനുഗ്രഹമായി ഞാൻ കരുതുന്നു. എന്റെ ജ്യേഷ്ഠതുല്യനായ ഒരാളുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞാണ് സബർമതി സ്ഥാപിക്കപ്പെടുന്നത്. ഭിന്നശേഷിയുള്ള കുട്ടി വീട്ടിലുള്ളതിനാൽ സാമൂഹികജീവിതം നഷ്ടപ്പെടുന്ന നിരവധി മാതാപിതാക്കളിൽ ഒരാളായിരുന്നു ഈ സുഹൃത്തും.

തെറ്റിദ്ധാരണകൾ തിരുത്തിത്തന്നെ നമ്മൾ മുന്നോട്ടുപോകേണ്ടതുണ്ട് എന്ന് എനിക്ക് മനസിലായതും ഈ കുഞ്ഞുങ്ങൾക്കും അവരുടെ മാതാപിതാക്കൾക്കൊപ്പം അവരുടെ അധ്യാപകർക്കുമൊപ്പം ചിലവിട്ട നിമിഷങ്ങളിൽ നിന്നാണ്. ചെറിയ പ്രായത്തിൽ തന്നെ കണ്ടെത്താൻ കഴിഞ്ഞാൽ ബിഹേവിയറൽ പരിശീലനം നൽകാൻ കഴിയുന്ന ഒന്നാണ് ഓട്ടിസം. ദൈനംദിന കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കാൻ പ്രത്യേക പരിശീലനം നേടിയ അധ്യാപകർക്ക് കഴിയും. സബർമതിയിൽ ഇത്തരം സമർത്ഥരായ അധ്യാപകരാണ് സേവനമനുഷ്ഠിക്കുന്നത്. അവരുടെ പ്രവർത്തനങ്ങളും കുട്ടികളിലുണ്ടാകുന്ന മാറ്റങ്ങളും ഞാൻ നേരിട്ട് കാണുന്നതാണ്. മാതാപിതാക്കളെ കുറ്റപ്പെടുത്തുകയല്ല, മറിച്ച് അവരെ കൂടെ നിർത്തുകയാണ് വേണ്ടത്. ഇനിയുമേറെക്കാര്യങ്ങളിൽ നമുക്ക് പുരോഗമിക്കേണ്ടതുണ്ട്. പക്ഷേ, അങ്ങനെ പുരോഗമിക്കാൻ ഇനിയുമുള്ള, നവീകരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിനിടയിലേക്ക് അവരെ ഏറ്റവുമധികം സ്വാധീനിക്കാൻ കഴിയുന്ന സിനിമ എന്ന മാധ്യമം ഉപയോഗിച്ചുകൊണ്ട് വീണ്ടും അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനുള്ള ജാഗ്രത നമുക്കുണ്ടാവണം.

ഭൂമിയുടെ അവകാശികളാണ് ആ കുഞ്ഞുങ്ങൾ. അവരുടെ ആശയവിനിമയ രീതി നമുക്ക് മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ അത്‌ നമ്മുടെ തെറ്റാണ്. ആ കുഞ്ഞുങ്ങൾക്ക് വേണ്ട പരിപാലനവും സംരക്ഷണവും നൽകി ചേർത്തുപിടിക്കുകയും അവരുടെ മാതാപിതാക്കളിൽ കൂടുതൽ ആത്മവിശ്വാസവും അറിവും പകർന്നുനൽകുകയുമാണ് നമ്മൾ ചെയ്യേണ്ടത്. കലാമൂല്യത്തിനും സാമൂഹിക ആവിഷ്കാരത്തിനുമൊക്കെ ഒട്ടേറെ പ്രാധാന്യം നൽകിയ മേഖലയാണ് മലയാള സിനിമ. ജനപ്രിയതയ്ക്കൊപ്പം തന്നെ സമൂഹത്തെ ആഴത്തിൽ ചിന്തിപ്പിക്കാനും മാറ്റങ്ങളിലേക്ക് നയിക്കാനും പലപ്പോഴും മലയാള സിനിമയ്ക്ക് കഴിഞ്ഞിട്ടുമുണ്ട്. തെറ്റുകൾ തിരുത്തിയും സ്വയം നവീകരിച്ചും മുന്നേറിക്കൊണ്ടിരിക്കുന്ന മലയാള സിനിമാ മേഖല നമുക്ക് ഏറെ അഭിമാനവുമാണ്. ഒരിക്കലും പ്രാകൃത ചിന്തകളെയും അന്ധവിശ്വാസങ്ങളെയും സമൂഹത്തിലേക്ക് അഴിച്ചുവിടാതിരിക്കാൻ കൂടുതൽ ജാഗ്രതയോടെ നമുക്ക് പ്രവർത്തിക്കാം. കൂടുതൽ പുരോഗമന ചിന്തകളുമായി, സമൂഹത്തെ നന്മയുടെയും തിരുത്തലിന്റെയും പാതയിൽ നടത്താൻ മലയാള സിനിമയ്ക്ക് ഇനിയും കഴിയട്ടെ.

Leave a Reply

Your email address will not be published.

You May Also Like

വയസ്സ് വെറും 25, ആറര കോടിയുടെ ആസ്തി. ഇത് തന്നെ ഞെട്ടിച്ചുകളഞ്ഞു ; മമിത ബൈജു..

വളരെ ചുരുങ്ങിയ കാലംകൊണ്ടുതന്നെ മലയാള സിനിമാ പ്രേമികൾക്ക് സുപരിചിതയായ താരമാണ് നമിത ബൈജു. സർവ്വോപരിപാലാക്കാരൻ എന്ന…

മുടക്ക്മുതൽ നൂറ്‌ കോടിക്ക് മുകളിൽ കിട്ടിയത് ആകെ രണ്ട് കോടി, ചരിത്ര പരാജയമായി കങ്കണയുടെ ധാക്കഡ്

ബോളിവുഡിലെ ശ്രദ്ധേയയായ നടിയാണ് കങ്കണ. ഒട്ടേറെ തവണ മികച്ച നടിക്കുള്ള നാഷണൽ ഫിലിം അവാർഡ് നേടിയിട്ടുള്ള…

ഭിന്നശേഷിക്കാർക്കായി ഒരു മൂവ്മെന്റുമായി ദുൽഖർ ഫാമിലി, ഇത്തരം ഒരു മൂവ്മെന്റ് ലോകത്തിൽ ആദ്യം

ഫിംഗർ ഡാൻസ് എന്ന കലാരൂപം കേരളത്തിലെ അങ്ങോളം ഇങ്ങോളം ഉള്ള സ്കൂളുകളിൽ എത്തിക്കാൻ ദുൽഖർ സൽമാൻ…

ആർ ആർ ആറിനൊപ്പം ക്ലാഷ് റിലീസിനൊരുങ്ങി ഗായത്രി സുരേഷിന്റെ പാൻ ഇന്ത്യൻ ചിത്രം

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രീയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്. ജമുനപ്യാരി എന്ന ചിത്രത്തിൽ കുഞ്ചാക്കോ…