തമിഴ് സിനിമാ ചരിത്രത്തിൽ രജനീകാന്ത് കഴിഞ്ഞാൽ പിന്നെ ഏറ്റവും അധികം ആരാധകരും വിജയ ചിത്രങ്ങളും ഉള്ള സൂപ്പർ താരമാണ് ജോസഫ് വിജയ് ചന്ദ്രശേഖർ എന്ന വിജയ്. ആരാധകരുടെ ‘ദളപതി’, അഭിനേതാവിന് പുറമേ പിന്നണി ഗായകൻ കൂടിയാണ്. ഒരു തമിഴ് ജനപ്രിയ നടൻ മാത്രമല്ല തെന്നിന്ത്യയിലെ മുൻനിര നടന്മാരിൽ ഒരാൾ കൂടിയാണ് ഇന്ന് വിജയ്. തുടർച്ചയായി ബോക്സ്ഓഫിസിൽ വിജയം നേടുന്ന ദളപതി വിജയ് എന്ന സ്റ്റൈലിഷ് നടന് ലോകമെമ്പാടും ആരാധക പിന്തുണയുണ്ട്. സിനിമകളിലൂടെ രാഷ്ട്രീയവും പറയുന്ന ദളപതി വിജയ് ഇൻസ്റ്റഗ്രാമിൽ ഉടൻ അരങ്ങേറ്റം കുറിക്കുമെന്നാണ് നിലവിൽ പുറത്തു വരുന്ന വാർത്തകൾ. താരത്തിന് ഇതുവരെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടായിരുന്നില്ല.
ട്വിറ്ററിലും ഫേസ്ബുക്കിലും താരത്തിന് ഔദ്യോഗിക പേജുകൾ ഉണ്ട്. പുതിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചതിനാൽ തന്നെ വിജയ് ഇനി ഇൻസ്റ്റഗ്രാമിലും സജീവമാകും എന്ന് കരുതാം. ഇപ്പോൾ അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പേജ് പ്രൈവറ്റ് ആണ്. ഉടൻ അത് പബ്ലിക് ആകുമെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. സെലിബ്രിറ്റികൾ വളരെ അധികം ഉപയോഗപ്പെടുത്തുന്ന ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആണ് ഇൻസ്റ്റഗ്രാം. കൂടാതെ യുവാക്കൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും ഇൻസ്റ്റഗ്രാം ആണ്. വിജയ് വളരെ കുറച്ചു മാത്രമേ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇടപെടാറുള്ളൂ. തന്റെ സിനിമകളുടെ ഒന്നോ രണ്ടോ പോസ്റ്ററുകൾ മാത്രമാണ് അദ്ദേഹം സാധാരണ പോസ്റ്റ് ചെയ്യാറുള്ളത്.
താരത്തിന്റെ സിനിമകളുമായി ബന്ധപ്പെട്ട വീഡിയോകളും റീലുകളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ആഘോഷിക്കപ്പെടുന്നവയാണ്. അതിനാൽ തന്നെ വിജയിയുടെ ഇൻസ്റ്റഗ്രാം അരങ്ങേറ്റം താരത്തെ കൂടുതൽ ആരാധകരിലേക്ക് എത്തിക്കാനാണ് സാധ്യത. 2023 പൊങ്കലിന് റിലീസ് തീരുമാനിച്ചിരിക്കുന്ന ‘വാരിസു’ എന്ന ചിത്രത്തിന്റെ ഷൂട്ടിലാണ് വിജയ് ഇപ്പോൾ.