മലയാളത്തിലെ ഹിറ്റ് സിനിമകളുടെ സംവിധായകൻ ജോഷി 2005 ൽ മോഹൻലാലിനെ നായനാക്കി പുറത്തിറക്കിയ മെഗാ ഹിറ്റ് ചിത്രമാണ് നരൻ. രഞ്ജൻ പ്രമോദിന്റെ രചനയിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിൽ മുള്ളങ്കൊല്ലി വേലായുധൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തിയത്. പുഴയെ അമ്മയായി കരുതുന്ന ആളാണ് വേലായുധൻ. അതുകൊണ്ട് തന്നെ പുഴയിൽ വെച്ചുള്ള നിരവധി സീനുകൾ, സ്റ്റണ്ട് സീൻ ഉൾപ്പെടെ നരനിൽ ഉണ്ടായിരുന്നു. അവയെല്ലാം ആരാധകർ ഇന്നും ആഘോഷിക്കുന്നവയുമാണ്.
മുള്ളങ്കൊല്ലി വേലായുധനെ ഓർമ്മിപ്പിച്ച് കൊണ്ട് കുത്തിയൊലിക്കുന്ന പുഴയിൽ മോഹൻലാൽ തനിയെ ചങ്ങാടം തുഴയുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഓളവും തീരവും എന്ന, പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ നിന്നുള്ളതാണ് ഈ വീഡിയോ. കാഞ്ഞാർ, തൊടുപുഴ എന്നിവിടങ്ങളിൽ ആയാണ് ഓളവും തീരവും എന്ന ഹ്രസ്വചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്.
മലയാളത്തിൽ ആദ്യമായി റിയലിസ്റ്റിക് മേക്കിങ് രീതി പിന്തുടർന്ന ചിത്രമാണ് 1969 ൽ പി. എൻ. മേനോന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഓളവും തീരവും. മധു നായകനായും ജോസ് പ്രകാശ് വില്ലനായും എത്തിയ ഈ ചിത്രത്തിന്റെ അൻപതാം വാർഷികം 2019 ൽ ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കുള്ള ട്രിബ്യൂട്ട് ആയിട്ട് ആണ് പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ട് ഓളവും തീരവും എന്ന ഹ്രസ്വചിത്രം ഒരുക്കുന്നത്. ദുർഗാ കൃഷ്ണയാണ് ചിത്രത്തിൽ മോഹൻലാലിന്റെ നായിക. മരയ്ക്കാറിന് ശേഷം മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രത്തിൽ മാമുക്കോയ, ഹരീഷ് പേരടി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വൈറലായ വീഡിയോക്ക് താഴെ, നരനിലെ മുള്ളങ്കൊല്ലി വേലായുധനെ ഓർമ്മ വരുന്നു എന്ന് നിരവധി പ്രേക്ഷകരാണ് കമന്റ് ചെയ്തിരിക്കുന്നത്.