ദിവസങ്ങൾക്കു മുൻപാണ് മലയാളത്തിൽ ബിഗ് ബോസിന്റെ നാലാമത്തെ സീസൺ വിജയകരമായി പൂർത്തിയാക്കിയത്. ഏറെ ജനപിന്തുണ കിട്ടിയ ഈ സീസണിൽ ദിൽഷയായിരുന്നു വിജയ്. ഷോ അവസാനിച്ചു എങ്കിലും ബിഗ് ബോസിനെ പറ്റിയുള്ള ചർച്ചകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. റിയാസിന്റെ പരാജയം അടക്കമുള്ള കാര്യങ്ങൾ ചർച്ച ആയിക്കൊണ്ടിരിക്കെ ആണ്, വിജയിയായ ദിൽഷയോട് ക്ഷമ പറഞ്ഞു കൊണ്ട് മറ്റ് അംഗങ്ങൾ രംഗത്ത് വന്നിരിക്കുന്നത്. നാല് സീസണുകളിൽ നിന്നും ആദ്യമായാണ് ഒരു ലേഡി വിന്നർ ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ദിൽഷ പ്രസന്നന്റെ വിജയം വളരെ പ്രധാനപ്പെട്ടതായിരുന്നു. നൂറ് ദിവസം ബിഗ് ബോസിൽ നിൽക്കണം എന്ന ആഗ്രഹത്തോടെയാണ് എല്ലാ മത്സരാർത്ഥികളും ബിഗ് ബോസിലേക്ക് കടന്നു വന്നത്. എന്നാൽ, പലരും പല കാരണങ്ങളാലും പല ആഴ്ചകളിലായി പുറത്തായി. ഒടുവിൽ അവശേഷിച്ചത് ആറ് മത്സരാർത്ഥികൾ ആയിരുന്നു. ദില്‍ഷയാണ് ടിക്കറ്റ് ടു ഫിനാലെയില്‍ ആദ്യം എത്തിയ മത്സരാര്‍ത്ഥി. ദിൽഷ തന്നെയാണ് അവസാനം ടൈറ്റിൽ വിന്നർ ആയി മാറിയതും. പ്രേക്ഷകർ അവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് ദിൽഷയെ കണ്ടിരുന്നത്.
ഇപ്പോൾ വിജയിച്ച ദിൽഷയെ അഭിനന്ദിക്കാതെ മാറിനിന്നതിന് മാപ്പ് പറഞ്ഞു കൊണ്ടാണ് നിമിഷയും ജാസ്മിനും രംഗത്ത് വന്നിരിക്കുന്നത്. റിയാസിന്റെ സങ്കടത്തിൽ പങ്കുചേർന്നപ്പോൾ ദിൽഷയുടെ വിജയത്തെ അവഗണിച്ചത് തെറ്റായി പോയി എന്നാണ് ഇരുവരും തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. “ഞങ്ങളുടെ ഇഷ്ട മത്സരാര്‍ത്ഥിയായ റിയാസ് ജയിക്കാത്തത് കൊണ്ട് സങ്കടത്തിലായ ഞാന്‍ ദിൽഷയെ അഭിനന്ദിക്കാന്‍ പോലും പോയില്ലെന്നതില്‍ എനിക്ക് വിഷമമുണ്ട്. അവള് വിജയം അര്‍ഹിക്കുന്നുണ്ടോ ഇല്ലയോ എന്നത് വേറെ വിഷയമാണ്. പക്ഷെ നൂറ് ദിവസം തികച്ചതിന് അവളെ ഞങ്ങള്‍ അഭിനന്ദിക്കണമായിരുന്നു…” എന്നാണ് നിമിഷ പറഞ്ഞത്.
റിയാസിന്റെ വിഷമം കണ്ടതിലുള്ള ബുദ്ധിമുട്ട് കാരണമാണ് തനിക്കും ദിൽഷയെ അഭിനന്ദിക്കാൻ കഴിയാതിരുന്നതെന്നും ചെയ്തത് തെറ്റാണെന്നും ജാസ്മിനും തുറന്നു പറഞ്ഞു. ബിഗ് ബോസിൽ വിന്നറായി സന്തോഷിക്കേണ്ട സമയത്ത് തനിക്ക് സങ്കടം ആയിരുന്നു എന്ന് കഴിഞ്ഞ ദിവസം ദിൽഷ ഒരു ഇന്റർവ്യൂവിൽ പറഞ്ഞതിനെ തുടർന്നാണ് നിമിഷയുടെയും ജാസ്മിന്റെയും ക്ഷമ ചോദിക്കൽ.