മലയാളിയായ തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ ആണ് ഡയാന മറിയം കുര്യൻ അഥവാ നയൻതാര. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് നയൻതാര. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെയാണ് നയൻതാര സിനിമ ലോകത്തേക്ക് കടന്നു വന്നത്. വളരെ പെട്ടന്ന് തന്നെ തന്റേതായൊരു സാമ്രാജ്യം ഉണ്ടാക്കിയെടുക്കാനും നയൻതാരക്ക് സാധിച്ചു.
നയൻതാരയുടെ വ്യക്തി ജീവിതം പലപ്പോഴും നിരവധി വിവാദങ്ങൾക്കും ചർച്ചകൾക്കും കാരണമായിട്ടുണ്ട്. കഴിഞ്ഞ മാസമാണ് നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് റിസോർട്ടിൽ വച്ച് നടന്നത്. ക്ഷണിക്കപ്പെട്ട ചുരുക്കം അതിഥികൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ബോളിവുഡ് അഭിനേതാവായ ഷാറുഖ് ഖാൻ, നടന്മാരായ ദിലീപ്, സൂര്യ, വിജയ് സേതുപതി, കാർത്തി, ശരത് കുമാർ, സംവിധായകരായ മണിരത്നം, കെ.എസ്.രവികുമാർ, നിർമാതാവ് ബോണി കപൂർ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു.
വിവാഹ തിരക്കുകൾക്ക് ശേഷം നയൻതാര വീണ്ടും അഭിനയത്തിൽ സജീവമാകുകയാണ്. ഭര്‍ത്താവ് വിഘ്നേഷ് ശിവനൊപ്പം കൊച്ചിയിലുള്ള നയന്‍താര അടുത്തദിവസം ചെന്നൈയിലേക്ക് ഷൂട്ടിനായി എത്തും. ഷാരൂഖ് ഖാന് – അറ്റ്ലി ചിത്രം ജവാനില്‍ നയന്‍താര ആണ് നായിക. ഇതിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മുംബയില്‍ ആദ്യ ഘട്ട ചിത്രീകരണം പൂര്‍ത്തിയായ ജവാന്റെ രണ്ടാം ഘട്ട ചിത്രീകരണം ഹൈദരാബാദില്‍ നടന്നിരുന്നു. അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷമാണ് ചിത്രത്തില്‍ നയന്‍താര കൈകാര്യം ചെയ്യുന്നത്. നയന്‍താരയുടെയും സംവിധായകന് അറ്റ്ലിയുടെയും ബോളിവുഡ് അരങ്ങേറ്റമാണ് ജവാന് എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ജവാനിൽ ഷാറുഖ് ഖാൻ ഇരട്ട വേഷത്തിലാണ് എത്തുക. മലയാളത്തില്‍ അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്യുന്ന ഗോള്‍ഡ് ആണ് നയന്‍താരയുടെ പുതിയ റിലീസ്.
പൃഥ്വിരാജ് നായകനാകുന്ന ചിത്രം ഓണം റിലീസാണ്.