സുകുമാറിന്റെ സംവിധാന മികവിൽ കഴിഞ്ഞ വർഷത്തെ തെന്നിന്ത്യൻ തരംഗമായി മാറിയ തെലുങ്ക് ചിത്രമായിരുന്നു പുഷ്പ. അല്ലു അർജുന്റെ മെട്രോ പയ്യൻ ഇമേജ് ഉടച്ചു വാർത്ത പുഷ്പ, ആഗോളതലത്തിൽ ബോക്സ്ഓഫീസിൽ നേടിയത് 400 കോടി രൂപയോളം ആണ്.
പുഷ്പ: ദി റൈസ് എന്ന ഒന്നാം ഭാഗത്തിലേക്ക് മലയാളി പ്രേക്ഷകരെ അടുപ്പിച്ചത് അല്ലു അർജുൻ എന്ന മലയാളികളുടെ പ്രിയപ്പെട്ട മറുനാടൻ താരത്തിനൊപ്പം തന്നെ, വില്ലൻ പരിവേഷത്തിൽ എത്തിയ ഫഹദ് ഫാസിലിന്റെ സാന്നിധ്യം ആയിരുന്നു. പുഷ്പയിലെ ഫഹദിന്റെ പെർഫോമൻസ് ഫഹദ് ആരാധകർ ഏറെ ആഘോഷിക്കുകയും, ഇത് സിനിമയുടെ മൈലേജ് വർധിപ്പിക്കുകയും ചെയ്തു.
പുഷ്പരാജ എന്ന ചന്ദന മരം കൊള്ളക്കാരൻ ആയി ആണ് അല്ലു അർജുൻ പുഷ്പ: ദി റൈസിൽ എത്തിയത്. പോലിസ് ഓഫിസർ ഭവൻ സിംഗ് ഷെഖാവത്ത് എന്ന അഭിനയ പ്രാധാന്യം ഉള്ള കഥാപാത്രമായാണ് ഫഹദ് എത്തിയത്. ചിത്രത്തിന്റെ അവസാന ഇരുപത് മിനിറ്റുകൾ ഫഹദിന്റെ വിളയാട്ടം ആയിരുന്നു. പ്രേക്ഷകരെ ഏറെ ത്രില്ലടിപ്പിച്ച ഫഹദിന്റെ ഈ പ്രകടനം തന്നെ ആയിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള ആരാധകരുടെ ആകാംക്ഷ വർധിപ്പിച്ചത്.
എന്നാൽ, പുഷ്പയുടെ അണിയറ പ്രവർത്തകരുമായി ഫഹദ് തെറ്റി എന്നും, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ നിന്നും ഫഹദ് പിന്മാറി എന്നുമാണ് പുറത്തു വരുന്ന വാർത്തകൾ. ഫഹദിന് പകരം വിജയ് സേതുപതി ആണ് വേഷമിടുക. ഫഹദിന്റെ പിന്മാറ്റത്തിനു പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല.
ഫഹദിന്റെ പിന്മാറ്റം പ്രേക്ഷകരെ വളരെയധികം നിരാശരാക്കിയിരിക്കുകയാണ്. നൂറ് ദിവസത്തോളം ഡേറ്റുകൾ ഫഹദ് പുഷ്പക്ക് വേണ്ടി മാറ്റിവച്ചിരുന്നു. അതിനാൽ തന്നെ അപ്രതീക്ഷിതമാണ് ഫഹദിന്റെ പിന്മാറ്റം.
ആദ്യ ഭാഗത്തേക്കാൾ വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന പുഷ്പയുടെ രണ്ടാം ഭാഗം ഈ വർഷം അവസാനത്തോടെ തിയേറ്ററുകളിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.