ഗ്ലാമർ വേഷങ്ങളിലൂടെ പ്രസിദ്ധയായ തെന്നിന്ത്യൻ താരമായിരുന്നു സിൽക്ക് സ്മിത എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിജയലക്ഷ്മി. 1979 ൽ അവർ അഭിനയിച്ച വണ്ടിചക്രം എന്ന തമിഴ് സിനിമയിലെ കഥാപാത്രത്തിന്റെ പേര് ആയിരുന്നു ‘സിൽക്ക്’ എന്നത്. വളരെ സാധാരണമായ ജീവിത സാഹചര്യങ്ങളിൽ നിന്നും സിനിമയിലേക്കെത്തിയ സിൽക്ക് സ്മിതയുടെ എല്ലാക്കാലവും വിവാദങ്ങൾ നിറഞ്ഞതായിരുന്നു. പല ഭാഷകളിലായി ഏകദേശം 450 ൽ അധികം ചിത്രങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്. 1980 കളിലും 1990 കളുടെ തുടക്കത്തിലും സിനിമാ രംഗത്തെ പല സംവിധായകരിൽ നിന്നും നിര്‍മ്മാതാക്കളിൽ നിന്നും മറ്റും നേരിട്ട മോശം അനുഭവങ്ങൾ പിന്നീട് സിൽക്ക് സ്മിത തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
1996-ല്‍ 35-ാം വയസ്സില്‍ സിൽക്ക് സ്മിത ജീവിതം അവസാനിപ്പിച്ചു. സാമ്പത്തിക ബാധ്യതയും ഒന്നിലധികം ബന്ധങ്ങളുടെ പരാജയവും ഒക്കെയാണ് കാരണങ്ങൾ എന്ന് പറയപ്പെടുന്നു. മരണത്തിന് മുൻപ് സില്‍ക്ക് സ്മിത തന്റെ കൈയക്ഷരത്തില്‍ എഴുതിയ, സ്വന്തം ജീവിത അനുഭവങ്ങൾ പങ്കുവെക്കുന്ന കത്ത് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. തെലുങ്കില്‍ നിന്നും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്ന കത്തിന്റെ മലയാളം ഏകദേശം ഇങ്ങനെയാണ്, “ഒരു നടിയാകാന്‍ ഞാന്‍ എത്രമാത്രം കഷ്ടപ്പെട്ടുവെന്ന് എനിക്കറിയാം. ആരും എന്നെ സ്നേഹിച്ചില്ല. ബാബു (ഡോ. രാധാകൃഷ്ണന്) മാത്രമാണ് എന്നോട് അല്പം സ്നേഹത്തോടെ പെരുമാറിയത്. എല്ലാവരും എന്റെ ജോലി ചൂഷണം ചെയ്തു. ജീവിതത്തില്‍ എനിക്ക് ഒരുപാട് ആഗ്രഹങ്ങളുണ്ട്. അവയെല്ലാം നിറവേറ്റണമെന്ന ആഗ്രഹവുമുണ്ട്. പക്ഷേ, എവിടെപ്പോയാലും എനിക്ക് സമാധാനമില്ല.” എന്ന് തുടങ്ങുന്ന കത്ത്, ഇങ്ങനെ തുടരുന്നു..
“എല്ലാവരുടെയും പ്രവൃത്തികള്‍ എന്നെ വിഷമിപ്പിക്കുന്നതായിരുന്നു. ഒരുപക്ഷേ, മരണം എന്നെ ആകര്‍ഷിച്ചേക്കാം. എല്ലാവര്ക്കും വേണ്ടി ഞാന്‍ നന്നായി ചെയ്തു. എന്നിട്ടും എന്റെ ജീവിതം ഇങ്ങനെയാണോ? ദൈവമേ, എന്താണ് ന്യായീകരണം? ഞാന്‍ സമ്പാദിച്ച സ്വത്തിന്റെ പകുതി ബാബുവിന് കൊടുക്കണം. ഞാന്‍ അവനെ വളരെ ഇഷ്ടപ്പെട്ടു. സ്നേഹിച്ചു. ആത്മാര്‍ത്ഥമായി തന്നെ. അവന് എന്നെ ചതിക്കില്ലെന്ന് ഞാന്‍ വിശ്വസിച്ചു. പക്ഷേ, അവന് എന്നെ ചതിച്ചു. ദൈവമുണ്ടെങ്കില്‍ അവന് തീര്‍ച്ചയായും ശിക്ഷിക്കപ്പെടും. അവന് എന്നോട് ചെയ്ത അധിക്ഷേപം എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. എല്ലാ ദിവസവും അത് എന്നെ വേദനിപ്പിച്ചു. അവര്‍ ചെയ്യുന്നത് ന്യായമാണെന്ന് അവര്‍ കരുതുന്നു.” ഗൗരവമുള്ള പല വിഷയങ്ങളും കത്തിൽ കടന്നു വരുന്നുണ്ട്. തന്നെ ചതിക്കാൻ ശ്രമിച്ചവരെ കുറിച്ചും സിൽക്ക് സ്മിത വിശദമായി എഴുതിയിട്ടുണ്ട്. “…..ബാബു എന്നിവരും സംഘത്തിലുണ്ട്. എന്നില്‍ നിന്ന് വാങ്ങിയ ആഭരണങ്ങള്‍ തിരികെ നല്‍കിയില്ല. ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല…. പലരും എന്റെ ശരീരം ഉപയോഗിച്ചു. പലരും എന്റെ ജോലി മുതലെടുത്തു. ബാബുവല്ലാതെ മറ്റാരോടും നന്ദി പറയുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരാള്‍ എനിക്ക് ഒരു ജീവിതം തരുമെന്ന് പറയുന്നുണ്ട്. ആ ജീവിതത്തിനായി ഞാന്‍ എത്രമാത്രം കൊതിച്ചുവെന്നറിയാമോ? പക്ഷെ, അതെല്ലാം വെറും വാക്കുകള്‍ മാത്രമാണെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ ആകെ തളര്‍ന്നു പോയി. എനിക്കിനി സഹിക്കാൻ വയ്യ.” ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറെ ദുരൂഹതകൾ നിറഞ്ഞ സിൽക്ക് സ്മിതയുടെ ജീവിതത്തെ കുറിച്ച് കൂടുതൽ തെളിവുകൾ നൽകുന്ന ഈ കത്ത് ഇനിയും വളരെ ചർച്ചയാകും എന്നുറപ്പാണ്.