വളരെ കാലങ്ങൾക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത്, പൃഥ്വിരാജ് നായകനായെത്തുന്ന മാസ്സ് ആക്ഷൻ എന്റർടൈനർ സിനിമയാണ് കടുവ. അഞ്ച് ഭാഷകളിൽ, പാൻ ഇന്ത്യൻ ലെവലിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ വിവേക് ഒബ്രോയിയാണ് വില്ലനായി എത്തുന്നത്. ഏറെ ചർച്ചയായിരിക്കുന്ന കടുവയ്ക്കെതിരെ നിരവധി വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. സിനിമയിലെ വരേണ്യതയും പോലീസിനെ തല്ലുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളും ഇന്നത്തെ കാലത്ത് ശരിയല്ല എന്നതാണ് വിമർശനങ്ങളിൽ പ്രധാനപ്പെട്ടത്. മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള മലയാളത്തിലെ പല സൂപ്പർ താരങ്ങളും മുൻ കാലങ്ങളിൽ തങ്ങൾ ചെയ്ത ഇത്തരം സിനിമകളുടെയും കഥാപാത്രങ്ങളുടെയും പേരിൽ ഇന്നത്തെ കാലത്ത് വിമർശനങ്ങൾ നേരിടുന്നുണ്ട്. ഇത് കടുവയ്ക്കും ബാധകമല്ലേ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പൃഥ്വിരാജ്.
പാര്‍ലമെന്റിൽ കയറി ഒരു മിനിസ്റ്ററെ വെടിവെച്ചു കൊല്ലുന്ന രംഗമുള്ള കെ.ജി.എഫ് 2 ഇവിടെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാണ്, പിന്നെയാണോ നാല് പൊലീസുകാരെ തല്ലുന്ന കുറുവച്ചന് എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. ഇത്തരം വിമർശനങ്ങളിലൊന്നും വലിയ കാര്യമില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
യഥാർത്ഥ്യങ്ങളോട് അടുത്തു നില്ക്കുന്ന സിനിമ അല്ല കടുവ എന്നും, അങ്ങനെ ആരും അവകാശപ്പെട്ടിട്ടില്ല എന്നും പറഞ്ഞു പൃഥ്വിരാജ്. കടുവ കണ്ടിട്ട് ‘ഒരാൾക്ക് നാലു പേരെ ഇടിക്കാൻ പറ്റുമോ’ എന്ന് ചോദിക്കുന്നതിൽ കാര്യമില്ല എന്നും പൃഥ്വി സൂചിപ്പിച്ചു. ഈ ഒരു ബോധത്തോടെ വേണം കടുവ കാണാൻ പോകാൻ. ‘പോക്കിരിരാജയെക്കാള്‍ നല്ല സിനിമയാണ് കുമ്പളങ്ങി നൈറ്റ്സ് എന്നുപറഞ്ഞാല്‍ എനിക്കാ പരാമര്‍ശം മനസ്സിലാക്കാന്‍ പോലും സാധിക്കില്ല. അതെങ്ങനെയാണ് നമ്മള് താരതമ്യം ചെയ്യുക. അതുപോലെ തന്നെയാണ് ഇതും.’ എന്നും പൃഥ്വിരാജ് വിശദീകരിച്ചു.