മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത് പുറത്തിറക്കിയ ആക്ഷൻ ത്രില്ലർ മലയാള ചിത്രമായിരുന്നു പുലിമുരുകൻ. 2016 ൽ പുറത്തിറങ്ങിയ ചിത്രം ആകെ ബോക്സ്ഓഫിസിൽ 152 കോടി രൂപയോളം നേടിയിരുന്നു. ഇത് മലയാള സിനിമകളുടെ കളക്ഷൻ ചരിത്രത്തിൽ തന്നെ റെക്കോർഡ് ആയിരുന്നു. ഉദയ്കൃഷ്ണ തിരക്കഥയൊരുക്കിയ പുലിമുരുകനിൽ പീറ്റർ ഹെയ്നിന്റെ ഫൈറ്റ് സീനുകളും ഏറെ ആരാധക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. മോഹൻലാലിനെ നായകനാക്കി പുലിമുരുകൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മോൺസ്റ്റർ. ഉദയ്കൃഷ്ണ തന്നെ തിരക്കഥയൊരുക്കുന്ന മോൺസ്റ്റർ വളരെ പ്രതീക്ഷികളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
മോൺസ്റ്റർ OTT പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ ആലോച്ചിരുന്നത്. ഇതിനായി നിരവധി OTT പ്ലാറ്റ്ഫോമുകളുമായി ചർച്ചകളും നടത്തിയിരുന്നു. എന്നാൽ ചർച്ചകൾ ഒന്നും തന്നെ വിജയിച്ചില്ല എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. അതിനാൽ തന്നെ മോൺസ്റ്റർ തിയേറ്ററിൽ റിലീസ് ചെയ്യും എന്നാണ് നിലവിലെ വാർത്തകൾ സൂചിപ്പിക്കുന്നത്. മോഹൻലാൽ ആരാധകരെ സംബന്ധിച്ച് ഒത്തിരി സന്തോഷകരമായ വാർത്തയാണിത്. മോൺസ്റ്റർ തിയേറ്ററിൽ റിലീസ് ചെയ്താൽ ആരാധകർ ആഘോഷമാക്കും എന്നതിൽ സംശയമില്ല. മുൻപ് ‘മരയ്ക്കാർ’, ‘ആറാട്ട്’ എന്നീ മോഹൻലാൽ സിനിമകളും OTT ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് തിയേറ്ററിൽ എത്തിയിരുന്നു.
മോഹന്‍ലാല്‍ – ജീത്തു ജോസഫ് ചിത്രങ്ങളായ ‘ദൃശ്യം 2’, ‘ട്വല്‍ത് മാന്‍’, പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ബ്രോ ഡാഡി’ എന്നിവ ഒടിടിയില്‍ റിലീസ് ചെയ്തു വിജയിച്ച മോഹന്‍ലാല്‍ ചിത്രങ്ങളാണ്.
എന്തായാലും മോൺസ്റ്റർ OTT-ക്കു മുന്നേ തിയേറ്ററിൽ റിലീസ് ചെയ്യുന്നതാണ് പ്രേക്ഷകരെ തൃപ്തിപ്പെടുത്തുക. തെലുങ്ക് നടന് മോഹന്‍ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവാണ് മോൺസ്റ്ററിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത്. ലക്ഷ്മിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിൽ ലക്കിസിങ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രത്തിന്റെ നിർമ്മാണം.