മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളിയായി എത്തിയ ലൂസിഫർ. പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ സിനിമ കൂടിയായിരുന്നു ലൂസിഫർ. ലൂസിഫറിന്റെ തെലുങ്ക് റീമേക്കുമായി ബന്ധപ്പെട്ട വിവരങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്. മോഹൻലാൽ അവതരിപ്പിച്ച നായക കഥാപാത്രത്തെ മെഗാസ്റ്റാർ ചിരജ്ഞീവിയാണ് തെലുങ്കിൽ അവതരിപ്പിക്കുക.
ലൂസിഫറിന്റെ വൻവിജയത്തിന് പിന്നാലെ തന്നെ ചിത്രത്തിന് എമ്പുരാൻ എന്ന രണ്ടാം ഭാഗം ഉണ്ടാവും എന്ന കാര്യവും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. പിന്നീട്, എമ്പുരാൻ കൊണ്ടു അവസാനിക്കില്ല ഈ സീരീസ് എന്നും കൂടുതൽ തുടർ ചിത്രങ്ങൾ ഉണ്ടാവും എന്നും സംവിധായകനായ പൃഥ്വിരാജ് തന്നെ വെളിപ്പെടുത്തിയിരുന്നു. നിലവിൽ ലഭ്യമായ വാർത്തകൾ അനുസരിച്ചു തമിഴിലെ കൈതിയിൽ തുടങ്ങിയ ലോകേഷ് കനകരാജ് സിനിമ യൂണിവേഴ്സ് പോലെ ഒരു പൃഥ്വിരാജ് യൂണിവേഴ്സ് ആകും ലൂസിഫറിന്റെ തുടർച്ചയായി ഉണ്ടാവുക. ലൂസിഫർ രചിച്ച മുരളിഗോപിയുടെ തന്നെ രചനയിൽ പുറത്തുവരാനിരിക്കുന്ന പാൻ ഇന്ത്യൻ സിനിമയായ ടൈസൺ, ഇത്തരമൊരു പൃഥ്വിരാജ് സിനിമ യൂണിവേഴ്സിന്റെ ഭാഗമാണ് എന്നും സൂചനകൾ ഉണ്ട്. ലൂസിഫറിലെ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന കഥാപാത്രത്തിന്റെ ഡീറ്റെയിലിങ് ആണ് ഹോംബാളെ ഫിലിംസ് നിർമ്മിക്കുന്ന ടൈസണിൽ പ്രതീക്ഷിക്കുന്നത്.
എമ്പുരാനും ടൈസണും ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രവും പൃഥ്വിരാജ് ആലോചിക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ഈ ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രം നെഗറ്റീവ് ഷേഡിൽ ആവും എത്തുക. അങ്ങനെ എങ്കിൽ പൃഥ്വിരാജ് സിനിമ യൂണിവേഴ്സിലെ അവസാന ചിത്രത്തിൽ മമ്മൂട്ടി നായകനും മോഹൻലാൽ വില്ലനും ആകും. മലയാള സിനിമ ചരിത്രത്തിലെ അപൂർവ്വതയാകും ഈ ചിത്രം എന്നതിൽ സംശയമില്ല. താരരാജാക്കന്മാർ തമ്മിലുള്ള പോരാട്ടം കളക്ഷനിലും സകല റെക്കോർഡുകളും തിരുത്തി കുറിക്കാനാണ് സാധ്യത. മാത്രമല്ല, മമ്മൂട്ടി – മോഹൻലാൽ ജോഡി ചിത്രത്തെ പാൻ ഇന്ത്യൻ ലെവലിൽ തന്നെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കും. എന്തായാലും മമ്മൂട്ടി നായകനും മോഹൻലാൽ വില്ലനും ആകുന്ന ചിത്രത്തിന്റെ കൂടുതൽ അപ്ഡേറ്റ്സ് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.