2009 ഡിസംബറിലാണ് അവതാർ എന്ന ത്രീ ഡി സയൻസ് ഫിക്ഷൻ ചിത്രം പുറത്തിറങ്ങിയത്. ഹോളിവുഡിലെ ഹിറ്റുകളുടെ രാജാവായി അറിയപ്പെടുന്ന ജെയിംസ് കാമറൂണിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം സിനിമ ചരിത്രത്തിലെ തന്നെ അപൂർവ്വതകളിൽ ഒന്നായിരുന്നു. 1200 കോടി മുടക്കി ഡിസ്നി നിർമ്മിച്ച അവതാർ ലോകമാകെ 2.802 ബില്യൻ ഡോളർ കളക്ഷൻ നേടിയതായാണ് കണക്കുകൾ. 2010 ലെ മികച്ച ചിത്രത്തിനും, മികച്ച സംവിധായകനും ഉള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് അവതാറിനായിരുന്നു. അവതാർ ഫ്രാഞ്ചയിസിയുടെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകർ ഇപ്പോൾ. അവതാർ: ദ് വേ ഓഫ് വാട്ടർ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഈ വർഷം അവസാനം പുറത്തിറങ്ങും എന്നാണ് നിലവിലെ വാർത്തകൾ.
അവതാർ സീരീസിലെ മൂന്നാമത്തെയോ നാലാമത്തെയോ ചിത്രത്തിനു ശേഷം മറ്റു തുടർ ചിത്രങ്ങൾ താൻ സംവിധാനം ചെയ്യാൻ സാധ്യത ഇല്ലെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ജെയിംസ് കാമറൂൺ ഇപ്പോൾ. മൂന്നാമത്തെയോ നാലാമത്തെയോ ഭാഗത്തിന് ശേഷം ഉത്തരവാദിത്തം തനിക്കു വിശ്വാസവും കഴിവുമുള്ള മറ്റൊരാളെ ഏല്പിക്കും എന്നാണ് അദ്ദേഹം വിശദീകരിച്ചത്. അദ്ദേഹം അതിനു ശേഷം തന്റെ മറ്റു താല്പര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും എന്നും പറയുന്നു.
ജെയ്ക്, നേത്രി എന്നിവരിലൂടെയാണ് അവതാർ രണ്ടാം ഭാഗത്തിന്റെ കഥ പുരോഗമിക്കുന്നത്. ഒരു നേത്രിയെ വിവാഹം കഴിച്ചു ജെയ്ക് ഗോത്രത്തിന്റെ തലവനായി മാറുന്നു. പാണ്ഡോറയിലെ ജലാശയങ്ങൾക്ക് സിനിമയിൽ വലിയ പ്രാധാന്യം ഉണ്ടെന്ന് ചിത്രത്തിന്റെ പേര് തന്നെ വ്യക്തമാക്കുന്നു. ജലത്തിനടിയിലെ ക്ലാസ്സ് ആക്ഷൻ രംഗങ്ങളാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അവതാർ 2 എന്ന ലോകസിനിമയിലെ ഏറ്റവും പുതിയ അത്ഭുതം ഈ ഡിസംബറിൽ തന്നെ തിയേറ്ററുകളിൽ എത്തും എന്ന് കരുതാം.