യുവസംവിധായകരിൽ ഏറെ ശ്രദ്ധ നേടിയ സംവിധായാകൻ ആണ് ടിനു പാപ്പച്ചൻ. ലിജോ ജോസ് പെല്ലിശേരിയുടെ അസിസ്റ്റന്റ് ആയിരുന്ന ടിനു ആന്റണി വർഗീസിനെ നായകനാക്കി ഒരുക്കിയ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ സിനിമകളിലൂടെ ആണ് പ്രേക്ഷക ശ്രദ്ധ നേടി എടുത്തത്. അതിന് ശേഷം ഇപ്പോൾ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന നന്പകൽ നേരത്ത് മയക്കം എന്ന ചിത്രത്തിൽ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയും ടിനു പാപ്പച്ചൻ പ്രവൃത്തിച്ചിരുന്നു.
ഇപ്പോൾ ടിനുവിന്റെ അടുത്ത ചിത്രത്തെ കുറിച്ച് ഉള്ള വിവരം പുറത്ത് വന്നിരിക്കുകയാണ്. കുഞ്ചാക്കോ ബോബൻ ആയിരിക്കും ചിത്രത്തിലെ നായകൻ. കൂടാതെ ടിനുവിന്റെ ആദ്യ രണ്ട് ചിത്രങ്ങളിലെയും നായകൻ ആയ ആന്റണി വർഗീസും ചിത്രത്തിൽ ഉണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഇരുവർക്കും പുറമെ യുവ നടൻ അർജുൻ അശോകനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജോയ് മാത്യു ആയിരിക്കും ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എന്നും ത്രില്ലെർ വിഭാഗത്തിൽ പെട്ട ഒരു ചിത്രം ആയിരിക്കും ഇതെന്നുമാണ് സൂചന.
ജയസൂര്യ നായകനായ ഈശോ എന്ന ചിത്രം നിർമ്മിച്ച അരുൺ നാരായണൻ ആണ് ഈ ചിത്രം നിർമ്മിക്കുക. ഇത് വരെ ഇതിനെക്കുറിച്ചു ഔദ്യോഗിക സ്ഥിതീകരണങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. എന്നിരുന്നാലും ഉടൻ തന്നെ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ന്നാ താൻ കേസ് കൊട് എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബൻ അഭിനയിച്ച് ഇനി റിലീസ് ആവാനുള്ള സിനിമ.