കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയാണ് അറിയിപ്പ്. ടേക്ക് ഓഫ്, സീ യൂ സൂൺ, മാലിക് എന്നീ ചിത്രങ്ങൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് അറിയിപ്പ്. ഇപ്പോൾ മലയാള സിനിമക്ക് ആകെ അഭിമാനം പകരുന്ന ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അറിയിപ്പ്. 75-മത് ലൊക്കാർണോ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് അറിയിപ്പ് ഇപ്പോൾ. അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക് ആണ് അറിയിപ്പ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ലോകത്തെ തന്നെ മുൻ നിര ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നാണ് ലൊക്കാർഡോ ഫിലിം ഫെസ്റ്റിവൽ.
ഒരു ഇന്ത്യൻ ചിത്രം ലൊക്കാർഡോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് പതിനേഴ് വർഷങ്ങൾക്ക് ശേഷം ആണ്. അറിയിപ്പ് ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കാര്യം ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ കുഞ്ചക്കോ ബോബൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പുറത്ത് വിട്ടത്. ഓഗസ്റ്റ് മൂന്നിന് ആണ് ലൊക്കാർണോ ഫിലിം ഫെസ്റ്റിവൽ ആരംഭിക്കുന്നത്. കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ കുഞ്ചാക്കോ ബോബൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് അറിയിപ്പ്. മഹേഷ് നാരായണനും, ഷെബിൻ ബക്കറും കുഞ്ചാക്കോ ബോബനൊപ്പം സഹ നിർമ്മാതാക്കൾ ആയി കൂടെ ഉണ്ട്.
കുഞ്ചാക്കോ ബോബൻ, ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫിലിം ഫെസ്റ്റിവലുകളിൽ ഒക്കെ പ്രദർശിപ്പിച്ച ശേഷം ആകും അറിയിപ്പിന്റെ തിയേറ്റർ റിലീസ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. ടേക്ക് ഓഫ് എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രം കൂടിയായത് കൊണ്ട് തന്നെ ഒരുപാട് പ്രതീക്ഷയിലാണ് മലയാള സിനിമ പ്രേക്ഷകർ.