മലയാളത്തിന്റെ യുവ സൂപ്പർ താരം പ്രിത്വിരാജ് സുകുമാരനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയാണ് കടുവ. ചിത്രം നാളെ തിയേറ്ററുകളിൽ എത്തും. പ്രിത്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിനു വി എബ്രഹാം ആണ്. ആദം ജോൺ എന്ന പ്രിത്വിരാജ് ചിത്രം സംവിധാനം ചെയ്തതും ജിനു വി എബ്രഹാം ആയിരുന്നു. സിംഹാസനം എന്ന ചിത്രത്തിന് ശേഷം പ്രിത്വിരാജ് സുകുമാരനും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കടുവ.
ചിത്രത്തിലെ നായകന്റെ പേര് മാറ്റണം എന്ന് ആവശ്യപ്പെട്ട് പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേൽ സെൻസർ ബോർഡിന് പരാതി നൽകിയത് കൊണ്ടാണ് ജൂൺ 30 ന് റിലീസ് ചെയ്യേണ്ട ചിത്രം ജൂലൈ ഏഴാം തീയതിയിലേക്ക് മാറ്റിയത്. തന്റെ കഥയും സിനിമയുടെ കഥയും തമ്മിൽ സാമ്യം ഉണ്ട് എന്നും അതിനാൽ ചിത്രത്തിലെ നായകന്റെ പേര് മാറ്റണം എന്നുമാണ് ജോസ് കുരുവിനാക്കുന്നേൽ ആവശ്യപ്പെട്ടത്. അത് കൊണ്ട് തന്നെ ചിത്രത്തിൽ പ്രിത്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് കുര്യച്ഛൻ എന്നാക്കി എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ.
ഒരുപാട് വിവാദങ്ങൾക്ക് ഇടയിലും വലിയ പ്രൊമോഷൻ പരിപാടികൾ ആണ് പ്രിത്വിരാജ് സിനിമക്ക് വേണ്ടി നടത്തിയത്. ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂർ, ദുബായ് എന്നിവിടങ്ങളിൽ എല്ലാം പ്രിത്വിരാജ് നേരിട്ട് ചെന്ന് പ്രൊമോഷൻ നടത്തി. ഏതായാലും ആരാധകരുടെ ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം പ്രിത്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്.