ഇന്ത്യൻ സിനിമയിലെ ഏറെ തിരക്കുള്ള താര ദമ്പതികളാണ് രൺവീർ സിങ്ങും ദീപിക പദുക്കോണും. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിൽ 2018 നവംബർ മാസത്തിൽ ആയിരുന്നു രൺവീറും ദീപികയും വിവാഹിതരായത്. അഭിനയ മികവ് കൊണ്ടും താര മൂല്യം കൊണ്ടും ബോളിവുഡിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങൾ ആണ് ഇവർ ഇരുവരും. ലോകമെമ്പാടും കോടിക്കണക്കിന് ആരാധകർ ആണ് ഇരുവർക്കും ഉള്ളത്. താര ദമ്പതികളുടെ ഓരോ വിശേഷങ്ങളും അറിയാൻ ഒരുപാട് ആവേശത്തോടെ ആണ് ആരാധകർ കാത്തിരിക്കുന്നത്.
ഇപ്പോൾ കാലിഫോർണിയയിലെ സാൻ ജോസിൽ നടന്ന ഒരു കൺവെൻഷൻ മീറ്റിംഗിന് ഇടയിൽ തമാശ രൂപത്തിൽ രൺവീർ പറഞ്ഞ കാര്യമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ ഭാര്യയായ ദീപികയുടെ മാതൃ ഭാഷ ആയ കൊങ്കണി പഠിക്കാൻ തനിക്ക് ആഗ്രഹം ഉണ്ടെന്നും തങ്ങൾക്ക് മക്കൾ ജനിക്കും മുൻപ് കൊങ്കണി ഭാഷ സ്വായത്തമാക്കാനുള്ള കഠിന ശ്രമത്തിലാണ് താൻ എന്നുമാണ് രൺവീർ പറഞ്ഞത്. കൊങ്കണി സമുദായത്തിൽ ഉള്ള ആളുകൾ ആയിരുന്നു കൺവെൻഷൻ സംഘടിപ്പിച്ചിരുന്നത്.
വേദിയിൽ വെച്ച് സംസാരിക്കുന്ന രൺവീറിന്റെ വീഡിയോ വൈറൽ ആയി കഴിഞ്ഞു. രൺവീറിനൊപ്പം ദീപികയും വേദിയിൽ ഉണ്ടായിരുന്നു. തനിക്ക് കൊങ്കണി പഠിക്കണം എന്ന് തോന്നൽ ഉണ്ടാകാൻ ഉള്ള കാരണവും രൺവീർ വെളിപ്പെടുത്തി. തങ്ങൾക്ക് കുട്ടികൾ ഉണ്ടാകുമ്പോൾ ദീപിക അവരോട് കൊങ്കണിയിലായിരിക്കും സംസാരിക്കുക എന്നും അപ്പോൾ തന്നെ കുറിച്ച് എന്തെങ്കിലും കൊങ്കണിയിൽ സംസാരിച്ചാൽ തനിക്ക് അത് മനസ്സിലാകാതെ വരുമെന്നും അങ്ങനെ ഒന്നും മനസ്സിലാകാതിരിക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നുമാണ് രൺവീർ പറഞ്ഞത്. ഏതായാലും രൺവീറിന്റെ ഈ വിഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.