മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രെദ്ധേയരായ രണ്ട് പേരാണ് മാത്യു തോമസും നസ്ലിനും. ശ്യാം പുഷ്കരന്റെ രചനയിൽ മധു സി നാരായണൻ സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ ആണ് മാത്യു തോമസ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഗിരീഷ് എ ഡി തിരക്കഥ എഴുതി സംവിധാനം ചെയ്ത് 2019 ൽ തന്നെ പുറത്ത് വന്ന തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ആണ് നസ്ലിൻ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. തണ്ണീർമത്തൻ ദിനങ്ങളിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് മാത്യു തോമസ് ആയിരുന്നു.
തണ്ണീർമത്തന് ശേഷം ഈ വർഷം ഇറങ്ങിയ ജോ ആൻഡ് ജോ എന്ന ചിത്രത്തിലും ഇവർ ഇരുവരും ഒന്നിച്ചു അഭിനയിച്ചിരുന്നു. അതിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം ആണ് നെയ്മർ. നവാഗതനായ സുധി മാഡിസ്ൺ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം പാൻ ഇന്ത്യൻ റിലീസ് ആയാണ് ഒരുങ്ങുന്നത്. ഓപ്പറേഷൻ ജാവ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വി സിനിമാസ് ഇന്റർനാഷണൽ നിർമിക്കുന്ന ചിത്രം കൂടിയാണ് നെയ്മർ.
വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പോണ്ടിച്ചേരിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഷാൻ റഹ്മാൻ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ആൽബി ആണ്. നൗഫൽ അബ്ദുള്ള എഡിറ്റിംഗ്, ഫിനിക്സ് പ്രഭു സംഘടനം, മഞ്ജുഷ രാധാകൃഷ്ണൻ കോസ്റ്റ്യൂം, നിമേഷ് എം താനൂർ ആർട്ടും കൈകാര്യം ചെയ്യുന്നു. ഒന്നിച്ചപ്പോൾ എല്ലാം വമ്പൻ വിജയം മാത്രം നേടിയിട്ടുള്ള മാത്യുവും നസ്ലിനും ഒരു പാൻ ഇന്ത്യൻ ചിത്രത്തിന് വേണ്ടി ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ.