ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളിൽ ഒരാളും മികച്ച സംവിധായകരിൽ ഒരാളും ആണ് ബി ഉണ്ണികൃഷ്ണൻ. മലയാളത്തിന്റെ സ്വന്തം കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ആറാട്ട് എന്ന ചിത്രം ആണ് ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് പുറത്ത് വന്ന അവസാന ചിത്രം. സൂപ്പർഹിറ്റ് തിരക്കഥാകൃത്ത് ഉദയ കൃഷ്ണ ആയിരുന്നു ആറാട്ടിന്റെ രചന നിർവഹിച്ചത്. ആർ ഡി ഇലുമിനേഷൻസിന്റെ ബാനറിൽ ബി ഉണ്ണികൃഷ്ണൻ തന്നെ ആണ് ആറാട്ട് നിർമിച്ചത്.
ആറാട്ടിന് ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ആയിരിക്കും നായകൻ എന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ആ ചിത്രത്തെ കുറിച്ച് ഉള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. ജൂലൈ 10 ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. 2010 ൽ പുറത്തിറങ്ങിയ പ്രമാണി എന്ന ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണൻ-മമ്മൂട്ടി കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ സിനിമക്ക് ഉണ്ട്.
ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ആയി ഒരുങ്ങുന്ന ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആയിട്ടാണ് മെഗാസ്റ്റാർ മമ്മുട്ടി എത്തുന്നത് എന്നാണ് വിവരം. ആറാട്ടിന് ശേഷം ഉദയ കൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്. മമ്മൂട്ടിയെ കൂടാതെ ബിജു മേനോൻ, ഇന്ദ്രജിത്ത്, റോഷൻ മാത്യു, സിദ്ധിക്ക് തുടങ്ങിയ മികച്ച താരങ്ങൾ ചിത്രത്തിൽ ഉണ്ട്. ഇവർക്കൊപ്പം ബോളിവുഡ് താരം രവീണ ടണ്ടനും ചിത്രത്തിൽ ഉണ്ട് എന്ന് സ്ഥിതീകരിക്കാത്ത വാർത്തകൾ ഉണ്ട്. മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.