സിനിമ എന്നത് ഒരുപാട് പേരുടെ മാസങ്ങളും വർഷങ്ങളും നീണ്ട അധ്വാനത്തിന്റെ ഫലം ആണ്. അഭിനേതാക്കൾ, സംവിധായകൻ, തിരക്കഥാകൃത്ത്, ആർട്ട് ഡിപ്പാർട്മെന്റ്, ക്യാമറ ഡിപ്പാർട്മെന്റ് എന്നിങ്ങനെ ഒരുപാട് മേഖലകളിൽ ജോലി ചെയ്യുന്നവരുടെ രാപകൽ ഇല്ലാത്ത അദ്ധ്വാനത്തിന്റെ ഫൈനൽ റിസൾട്ട് ആണ് നാം സ്ക്രീനിൽ കാണുന്ന സിനിമ. ഇതിനെല്ലാം ഉപരി ഒരു സിനിമക്ക് ഏറ്റവും അത്യാവശ്യം വേണ്ട ഒരാളാണ് ആ സിനിമക്ക് ആവശ്യമായ പൈസ മുടക്കാൻ തയ്യാറാവുന്ന ഒരു നിർമ്മാതാവ്. എന്നാൽ പലപ്പോഴും സിനിമ കാരണം പല നിർമ്മാതാക്കളും കടക്കെണിയിൽ പെട്ട് പോകുന്നതും നമ്മുടെ മുന്നിൽ നടക്കുന്ന സംഭവം ആണ്.
ഇപ്പോൾ നിർമ്മാതാക്കളുടെ അവസ്ഥയെ പറ്റി തുറന്നു പറയുകയാണ് പ്രശസ്ത നിർമ്മാതാവ് ഗിരീഷ് ലാൽ. മലയാള സിനിമയിൽ തങ്ങൾ പൈസ മുടക്കി നിർമ്മിച്ച സിനിമ വിതരണക്കാർക്ക് കൊടുത്ത ഒരു നിർമ്മാതാവിനും മുടക്കിയ പണം തിരിച്ചു കിട്ടിയെന്ന് താൻ വിശ്വസിക്കുന്നില്ല എന്നും ഒരുപാട് പ്രശ്നങ്ങൾ ഇതിൽ ഒളിഞ്ഞു ഇരിപ്പുണ്ട് എന്നും ഗിരീഷ് ലാൽ പറയുന്നു. ഇങ്ങനെ സിനിമ വിതരണക്കാർക്ക് കൊടുത്ത വളരെ ചുരുക്കം പേർക്ക് മാത്രമേ മുടക്ക് മുതൽ തിരിച്ചു കിട്ടിയിട്ടുള്ളു. മോഹൻലാലിനെ നായകനാക്കി റെഡ് വൈൻ, പ്രിത്വിരാജിനെ നായകനാക്കി മാണിക്യക്കല്ല് തുടങ്ങി കുറച്ചു സിനിമകൾ താൻ നിർമ്മിച്ചിട്ടുണ്ട് എന്നും അതിൽ ചില സിനിമകൾ തിയേറ്ററുകളിൽ നന്നായി ഓടിയെങ്കിലും സിനിമ നിർമിച്ച ആൾക്ക് ഒന്നും കിട്ടിയില്ല എന്നതാണ് സത്യം എന്നും ഗിരീഷ് ലാൽ പറയുന്നു.
തന്റെ പേരിൽ ഉണ്ടായിരുന്ന സ്ഥലവും സ്വത്തും ഒക്കെ സിനിമായിൽ വന്നപ്പോൾ നഷ്ടമായി എന്നും, ഇത് തന്റെ മാത്രം അവസ്ഥ അല്ലെന്നും മലയാള സിനിമയിലെ ഭൂരിഭാഗം പ്രൊഡ്യൂസർമാരുടെയും അവസ്ഥ ഇങ്ങനെ ഒക്കെ തന്നെയാണെന്നും ഗിരീഷ് ലാൽ കൂട്ടിച്ചേർത്തു. ഒരു സൂപ്പർസ്റ്റാർ ഉണ്ടാകുന്നതും ഒരു സംവിധായകൻ ഉണ്ടാവുന്നതും ഒരു നല്ല സിനിമ ഉണ്ടാവുന്നതും എല്ലാം ഒരു നിർമ്മാതാവ് മനസ്സ് വെക്കുമ്പോഴാണ്, എന്നാൽ ഇവിടെ നിർമ്മാതാവിന് യാതൊരു വിലയും ഇല്ല. മുടക്കിയ കാശ് കിട്ടിയാൽ കിട്ടി, ആരും പിന്നീട് അതിനെപ്പറ്റി അന്വേഷിക്കുക പോലുമില്ല. അവസാനം ഭാര്യയുടെ കെട്ടുതാലി വരെ പണയം വെക്കേണ്ട അവസ്ഥ നിർമ്മാതാവിന് വരും. ഇപ്പോൾ നമ്മൾ വിളിച്ചാൽ പൈസ ചോദിക്കാൻ വിളിക്കുന്നത് ആണെന്ന് കരുതി അവർ ഫോൺ എടുക്കില്ല, സിനിമയിൽ ഉള്ള എല്ലാവരുടെയും കമ്മിറ്റ്മെന്റ് പണത്തിനോട് ആണെന്നും ആ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ആരും തയ്യാറാകില്ല എന്നും ഗിരീഷ് ലാൽ പറയുന്നു.