മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകൻ-നടൻ കൂട്ടുകെട്ട് ആണ് മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ട്. ഇരുവരും ഒന്നിച്ചു പുറത്ത് വന്ന സിനിമകൾ എല്ലാം തന്നെ വലിയ വിജയം ആയിരുന്നു. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ആണ് പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ട് ഏറ്റവും ഒടുവിൽ ഒന്നിച്ച ചിത്രം. മികച്ച ചിത്രത്തിനുള്ള നാഷണൽ അവാർഡ് അടക്കം മൂന്ന് നാഷണൽ അവാർഡുകൾ ചിത്രം സ്വന്തമാക്കിയിരുന്നു.
മോഹൻലാലിനെയും പ്രിയദർശനെയും പോലെ ഇരുവരുടെയും മക്കളായ പ്രണവ് മോഹൻലാലാലും കല്യാണി പ്രിയദർശനും വളരെ അടുത്ത സുഹൃത്തുക്കൾ ആണ്. ഇരുവരും ഒന്നിച്ചു മരക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത് ജനുവരിയിൽ പുറത്ത് ഇറങ്ങിയ ഹൃദയം ഈ വർഷം മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്. പ്രണവിനും കല്യാണിക്കും ഒപ്പം ദർശന രാജേന്ദ്രനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ഇപ്പോൾ മറ്റൊരു ചിത്രത്തിന് വേണ്ടി പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും വീണ്ടും ഒന്നിക്കാൻ പോവുകയാണ് എന്ന് വാർത്തകൾ ആണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ഹൃദയം സിനിമയിൽ ആർട്ട് ഡിപ്പാർട്മെന്റിൽ വർക്ക് ചെയ്ത പ്രശാന്ത് അമരവിളയാണ് ഇതിനെ കുറിച്ച് സൂചന നൽകിയത്. പ്രണവിനും കല്യാണിക്കും ഒപ്പം ഉള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് വീണ്ടും ഒരുമിക്കാൻ പോകുന്നു എന്ന് പ്രശാന്ത് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതാണ് കല്യാണിയും പ്രണവും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തകൾ സജീവമാക്കിയത്. ഇത് കൂടെ എന്ന ചിത്രത്തിന് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആയിരിക്കും എന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. അൻവർ റഷീദ് ആയിരിക്കും ചിത്രം നിർമ്മിക്കുക എന്നാണ് സൂചന.