ഇന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു വി എ ശ്രീകുമാർ മേനോൻ മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ഒടിയൻ എന്ന ബ്രഹ്മാണ്ട ചിത്രം. എന്നാൽ പ്രേക്ഷകരുടെ പ്രതീക്ഷകളോട് നീതി പുലർത്താൻ ചിത്രത്തിന് കഴിഞ്ഞില്ല. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഒടിയൻ നിർമ്മിച്ചത്. പ്രകാശ് രാജ്, മഞ്ജു വാര്യർ, നരേയ്ൻ, കൈലാസ്, സിദ്ധിക്ക്, നന്ദു തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോൾ ചിത്രത്തിന്റെ ഡബ്ബിങ് സമയം സംവിധായകൻ വി എ ശ്രീകുമാർ മേനോൻ തന്നോട് പറഞ്ഞ കാര്യം പ്രേക്ഷകരോട് പങ്കുവെച്ചിരിക്കുകയാണ് ഡബ്ബിങ് ആർട്ടിസ്റ്റ് മനോജ്. ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് രാജിന് വേണ്ടി താനും ഡബ്ബ് ചെയ്തിരുന്നു എന്നും എന്നാൽ പിന്നീട് തന്നെ മാറ്റി ഷമ്മി തിലകനെ കൊണ്ട് ഡബ്ബ് ചെയ്യിക്കുകയായിരുന്നു എന്നും മനോജ് പറയുന്നു. പ്രകാശ് രാജിന് വേണ്ടി 90 ശതമാനത്തോളം ഡബ്ബ് ചെയ്ത ശേഷം ആണ് തന്നെ മാറ്റിയത് എന്നും അതിന്റെ കാരണം ഇപ്പോഴും തനിക്ക് അറിയില്ല എന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മനോജ് പറഞ്ഞു.
ഡബ്ബ് ചെയ്യുന്ന സമയം ഇതിന് എനിക്ക് സ്റ്റേറ്റ് അവാർഡ് ലഭിച്ചില്ലെങ്കിൽ താൻ ഈ പണി നിർത്തും എന്ന് ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നതായും മനോജ് പറയുന്നു. ഇതൊക്കെ കേട്ട് ഞാൻ ഒരുപാട് ത്രിൽ അടിച്ചിരുന്നു. എന്നാൽ എല്ലാം വെറുതെയായി. ചിത്രത്തിലെ ഡബ്ബിങ്ങിന് ഷമ്മി തിലകന് അവാർഡും ലഭിച്ചു. ഒടിയൻ എന്ന സിനിമ പിന്നെ എപ്പോൾ കണ്ടാലും മനസ്സിൽ ഒരു വിങ്ങൽ ആണെന്നും മനോജ് പറയുന്നു.