നടൻ മാധവൻ ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി സംവിധാനം ചെയ്യുന്ന ചിത്രം ആണ് റോക്കറ്ററി ദി നമ്പി എഫക്ട്. ജൂലൈ ഒന്നിന് ചിത്രം തിയേറ്ററുകളിൽ എത്തും. ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ്, തെലുങ്ക് എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. മാധവൻ തന്നെയാണ് ചിത്രത്തിൽ നായകൻ ആയെത്തുന്നത്. സിമ്രാൻ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാധവന്റെ ട്രൈ കളർ ഫിലിംസും, വർഗീസ് മൂലൻ പിക്ചർസും, ഹോളിവുഡ് കമ്പനിയായ 27ത് ഇൻവെസ്റ്റ്മെന്റ്സും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിട്ടുള്ളത്.
തന്നെ കുറ്റവാളിയാക്കിയവർക്ക് മുന്നിൽ തന്റെ നിരപരാധിത്വം തെളിയിക്കാൻ നമ്പി നാരായണൻ എന്ന മലയാളി ശാസ്ത്രജ്ഞൻ നടത്തിയ പോരാട്ടമാണ് റോക്കറ്ററി ദി നമ്പി എഫക്ട് എന്ന ചിത്രത്തിലൂടെ മാധവൻ പറയുന്നത്. മലയാളി സംവിധായകൻ ജി പ്രാജേഷ് സെനും ചിത്രത്തിന്റെ ഭാഗമാണ്. സിനിമയുടെ കോ ഡയറക്ടർ ആണ് പ്രാജേഷ് സെൻ. ഇതിനോടകം തന്നെ നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. അവിടെ നിന്നെല്ലാം മികച്ച അഭിപ്രായങ്ങൾ ആണ് ചിത്രത്തിന് ലഭിച്ചത്.
ബോളിവുഡ് സൂപ്പർസ്റ്റാർ കിങ് ഖാൻ ഷാരുഖ് ഖാനും നടിപ്പിൻ നായകൻ സൂര്യയും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇരുവരും ചിത്രത്തിൽ അഥിതി വേഷത്തിൽ ആണ് എത്തുക. ഷാരുഖ് ഖാനും സൂര്യയും ചിത്രത്തിൽ ഒരു രൂപ പോലും പ്രതിഫലം മേടിക്കാതെ ആണ് അഭിനയിച്ചിട്ടുള്ളത്.
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന ഒരു ഇന്റർവ്യൂവിൽ വെച്ച് മാധവൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്നോട് ഉള്ള അടുപ്പം മൂലം ആണ് ഇരുവരും ചിത്രത്തിൽ അഭിനയിച്ചത് എന്നാണ് താൻ ആദ്യം വിചാരിച്ചിരുന്നത് എന്നും എന്നാൽ നമ്പി സാറിനെ കണ്ടപ്പോൾ അദ്ദേഹത്തോടുള്ള ഇരുവരുടെയും പെരുമാറ്റം കണ്ടപ്പോൾ സാറിനോടുള്ള ബഹുമാനം കൊണ്ട് മാത്രം ആണ് ഷാരുഖ് ഖാനും സൂര്യയും ചിത്രത്തിൽ അഭിനയിച്ചത് എന്ന് തനിക്ക് മനസിലായി എന്നും മാധവൻ പറഞ്ഞു.