മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത് മെയ് ഒന്നിന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് സിബിഐ ഫൈവ് ദി ബ്രെയിൻ. സിബിഐ സീരിസിലെ അഞ്ചാം ഭാഗമാണ് സിബിഐ ഫൈവ് ദി ബ്രെയിൻ. വലിയ വിജയമായി മാറിയ സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നീ സൂപ്പർഹിറ്റ് സിനിമകളുടെ തുടർച്ചയായാണ് ഈ ചിത്രവും എത്തിയത്. വമ്പൻ പ്രതീക്ഷയോടെ തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് പക്ഷെ സമ്മിശ്ര പ്രതികരണങ്ങൾ ആണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.
എന്നാൽ നെഗറ്റീവ് റിവ്യൂ ഒന്നും ചിത്രത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല എന്നത് കളക്ഷനിൽ നിന്ന് വ്യക്തം. ആഗോള തലത്തിൽ നാല്പത് കോടിക്ക് അടുത്ത് കളക്ഷൻ സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ച സിബിഐ ഫൈവ് നേടി. അത് ആദ്യ നാല് ഭാഗത്തിൽ നിന്ന് ഉണ്ടായ പ്രതീക്ഷ കാരണം കിട്ടിയ വിജയം ആണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ചിത്രത്തിൽ മുകേഷ്, ജഗതി ശ്രീകുമാർ, സൗബിൻ, അനൂപ് മേനോൻ, രഞ്ജി പണിക്കർ, സായി കുമാർ, ആശ ശരത്, രമേശ് പിഷാരടി, ചന്ദുനാഥ്, മാളവിക തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോൾ മറ്റൊരു ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സിബിഐ ഫൈവ് ദി ബ്രെയിൻ. തിയേറ്റർ റണ്ണിന് ശേഷം കഴിഞ്ഞ 12 മുതൽ ചിത്രം നെറ്റ്ഫ്ലിക്സ് വഴി സ്ട്രീമിങ് തുടങ്ങിയിരുന്നു. തിയേറ്റർ റിലീസിന് ശേഷം ഏറ്റവും കൂടുതൽ ആളുകൾ ഒ ടി ടിയിൽ കണ്ട മലയാള സിനിമയായി മാറിയിരിക്കുകയാണ് സിബിഐ ഫൈവ്. ഏകദേശം ഇരുപത്തി ഒൻപത് ലക്ഷത്തിന് മീതെ ആളുകൾ ആണ് ഇതുവരെ നെറ്റ്ഫ്ളിക്സ് വഴി ചിത്രം കണ്ടത്.