മലയാള സിനിമയിലെ യുവനടന്മാരിൽ ശ്രദ്ധേയനായ താരമാണ് ധ്യാൻ ശ്രീനിവാസൻ. മലയാളത്തിന്റെ മികച്ച നടന്മാരിൽ ഒരാളും മികച്ച തിരക്കഥാകൃത്തുക്കളിൽ ഒരാളുമായ ശ്രീനിവാസന്റെ ഇളയ മകൻ ആണ് ധ്യാൻ ശ്രീനിവാസൻ. അഭിനയത്തിനു പുറമേ സംവിധാനം, തിരക്കഥ രചന എന്നീ മേഖലകളിൽ എല്ലാം ധ്യാൻ തന്റെ കഴിവ് ഇതിനോടകം തെളിയിച്ചിട്ടുണ്ട്. യുവതാരം നിവിൻ പോളിയെയും ലേഡി സൂപ്പർസ്റ്റാർ നയൻതാരയെയും നായികനായകന്മാരാക്കി ഒരുക്കിയ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം ആണ് ധ്യാൻ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ പ്രകാശൻ പരക്കട്ടെ എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയതും ധ്യാൻ തന്നെയാണ്.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും മികച്ച താരങ്ങളിൽ ഒരാളുമാണ് മെഗാസ്റ്റാർ മമ്മൂട്ടി. സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയിട്ട് 50 വർഷത്തിലേറെ ആയെങ്കിലും ഇന്നും വൈവിധ്യപൂർണമായ വേഷങ്ങളിലൂടെ പ്രേക്ഷക ലക്ഷങ്ങളെ വിസ്മയിപ്പിക്കാൻ മമ്മൂട്ടിക്ക് കഴിയുന്നുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള മമ്മൂട്ടി മൂന്ന് തവണ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയിട്ടുണ്ട്.
ഇപ്പോൾ ഒരു ഇന്റർവ്യൂവിൽ മമ്മൂട്ടിയെപ്പറ്റി ധ്യാൻ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. തന്റെ പരിചയത്തിൽ ശബ്ദം ഇതുപോലെ ഉപയോഗിക്കുന്ന മറ്റൊരു നടനില്ല എന്ന് ധ്യാൻ പറയുന്നു. ശ്രീനിവാസന്റെ തിരക്കഥയിൽ എം മോഹനൻ സംവിധാനം ചെയ്ത കഥ പറയുമ്പോൾ എന്ന ചിത്രം ഉദാഹരണം ആക്കിയായിരുന്നു ധ്യാൻ സംസാരിച്ചത്. കഥ പറയുമ്പോൾ ഡബ്ബിങ്ങിന് മുൻപ് തന്നെ താൻ മുഴുവൻ കണ്ടിരുന്നുവെന്നും കണ്ട് കഴിഞ്ഞപ്പോൾ ഇത് തിയേറ്ററിൽ വിജയിക്കില്ല എന്നാണ് താൻ വിചാരിച്ചിരുന്നത് എന്നും ധ്യാൻ പറയുന്നു. എന്നാൽ ചിത്രം തിയേറ്ററിൽ കണ്ടപ്പോൾ ആണ് ഡബ്ബിങ്ങിന്റെ പ്രാധാന്യം തനിക്ക് മനസ്സിലായത് എന്നും, മമ്മൂട്ടി എന്ന നടൻ തന്റെ ശബ്ദം കൊണ്ട് സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയെന്നും ധ്യാൻ പറയുന്നു.