മലയാള സിനിമാ ലോകത്തെ ഏറ്റവും മികച്ച സംവിധായകന്മാരിൽ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. ലിജോ ജോസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ ബോക്സ് ഓഫീസ് വിജയങ്ങളും നിരൂപക പ്രശംസയും ഒരുപോലെ നേടിയവയാണ്. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും മികച്ച താരങ്ങളിൽ ഒരാളുമാണ് മെഗാസ്റ്റാർ മമ്മൂട്ടി. മെഗാസ്റ്റാർ മമ്മുട്ടിയുമായി ലിജോ ജോസ് ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് നന്പകൽ നേരത്ത് മയക്കം. ലിജോ ജോസിന്റെ തന്നെ കഥക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് ഹരീഷ് ആണ്.
മമ്മൂട്ടി കമ്പനിയുടെയും ആമേൻ മൂവി മൊണാസ്ട്രിയുടെയും ബാനറിൽ ലിജോ ജോസും മമ്മുട്ടിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മമ്മുട്ടിയുടെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കും നന്പകൽ നേരത്ത് മയക്കം എന്ന് സംവിധായകൻ ടിനു പാപ്പച്ചൻ നേരത്തെ പറഞ്ഞിരുന്നു. ടിനു ഈ ചിത്രത്തിൽ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്. തമിഴ് താരം രമ്യ പാണ്ട്യൻ ആണ് ചിത്രത്തിലെ നായിക.
കന്യാകുമാരി, പഴനി എന്നിവിടങ്ങളിൽ ആയി ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ഡിസംബറിൽ പൂർത്തിയായത് ആണ്. ചിത്രത്തിന്റെ റിലീസ് ഉടൻ ഉണ്ടാകില്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. കുറെ ഫിലിം ഫെസ്റ്റിവലുകളിൽ സിനിമ പ്രദർശിപ്പിക്കും എന്നും അതിന് ശേഷം മാത്രമേ ചിത്രം തിയേറ്ററുകളിൽ എത്തുകയൊള്ളു എന്നാണ് റിപ്പോർട്ട്. മമ്മുട്ടിക്ക് നിരവധി അവാർഡുകൾ ലഭിക്കാൻ സാധ്യത ഉള്ള ചിത്രം കൂടിയാണ് നന്പകൽ നേരത്ത് മയക്കം. മമ്മൂട്ടി ആരാധകരും സിനിമ പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് നന്പകൽ നേരത്ത് മയക്കം.