തമിഴ് സിനിമാ ലോകത്തെ ഏറെ ശ്രദ്ധേയനായ ഒരു യുവ സംവിധായകൻ ആണ് ലോകേഷ് കനകരാജ്. ഉലകനായകൻ കമൽഹാസനെ നായകനാക്കി ഒരുക്കിയ വിക്രം എന്ന ചിത്രമാണ് ലോകേഷ് സംവിധാനം ചെയ്ത് അവസാനം തീയ്യേറ്ററുകളിൽ എത്തിയ സിനിമ. കമൽ ഹാസന് ഒപ്പം മക്കൾ സെൽവൻ വിജയ് സേതുപതി, ഫഹദ് ഫാസിൽ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നടിപ്പിൻ നായകൻ സൂര്യ അഥിതി വേഷത്തിൽ എത്തിയ ചിത്രത്തിൽ ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരെയ്ൻ, ഗായത്രി ശങ്കർ, സ്വാതിസ്ഥ കൃഷ്ണൻ, ഹരീഷ് പേരടി, ഹരീഷ് ഉത്തമൻ, ജാഫർ, അർജുൻ ദാസ് തുടങ്ങി ഒട്ടേറെ താരങ്ങൾ അഭിനയിച്ചിട്ടുണ്ട്.
ജൂൺ മൂന്നിന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് ആദ്യ ദിവസം മുതൽ വമ്പൻ വരവേൽപ്പാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ചിത്രം ഇതിനോടകം തന്നെ ആഗോള തലത്തിൽ 300 കോടിക്ക് മീതെ കളക്ട് ചെയ്തു കഴിഞ്ഞു. രജനീകാന്ത് ചിത്രമായ 2.O ക്ക് പിന്നിൽ തമിഴ് സിനിമയിലെ ഏറ്റവും കൂടുതൽ പണം വാരി ചിത്രങ്ങളിൽ രണ്ടാം സ്ഥാനത്താണ് നിലവിൽ വിക്രം. കേരളത്തിൽ നിന്ന് മാത്രം ചിത്രം മുപ്പത് കോടിക്ക് മീതെ കളക്ട് ചെയ്തു. ഇതൊരു തമിഴ് ചിത്രത്തിന് കേരളത്തിൽ നിന്ന് ലഭിക്കുന്ന ഉയർന്ന കളക്ഷൻ ആണ്.
ചിത്രത്തിന്റെ വിജയം ആരാധകരുമൊത്ത് ആഘോഷിക്കാൻ സംവിധായകൻ ലോകേഷ് കനകരാജും സംഗീത സംവിധായകൻ അനിരുധും കഴിഞ്ഞ ദിവസം കേരളത്തിൽ വന്നിരുന്നു. അന്ന് ലോകേഷ് പറഞ്ഞ കാര്യമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മലയാളത്തിന്റെ മഹാ നടന്മാരായ മെഗാസ്റ്റാർ മമ്മുട്ടിയെയും കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെയും വെച്ച് സിനിമ ചെയ്യാൻ തനിക്ക് ആഗ്രഹം ഉണ്ടെന്നും ചെയ്യുന്നുണ്ടെങ്കിൽ അത് തമിഴിൽ ആയിരിക്കും എന്നും ലോകേഷ് പറയുന്നു. ദളപതി വിജയിയെ നായകനാക്കി ഒരുക്കുന്ന ദളപതി 67 ആണ് ലോകേഷ് സംവിധാനം ചെയ്യാൻ പോകുന്ന അടുത്ത ചിത്രം.